യു.പി ജില്ല ജഡ്ജിയില്‍ നിന്ന് ലൈംഗികാതിക്രമം; ജീവനൊടുക്കാൻ സുപ്രീംകോടതിയുടെ അനുവാദം തേടി വനിതാ ജഡ്ജി

ലഖ്നോ: ജില്ല ജഡ്ജിയില്‍ നിന്ന് നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും, അപമാനിതയായി ജീവിക്കുന്നതിന് പകരം ജീവനൊടുക്കാൻ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി യു.പിയിലെ വനിതാ ജഡ്ജി.

ബാന്ദ ജില്ലയിലെ സിവില്‍ ജഡ്ജി അര്‍പിത സാഹുവാണ് താൻ നേരത്തെ ജോലിചെയ്ത ബാരാബാങ്കിയിലെ ജില്ല ജഡ്ജിയില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്. നിരവധി പരാതികള്‍ നല്‍കിയിട്ടും അതിക്രമം നടത്തിയ ജഡ്ജിക്കെതിരെ യാതൊരു നടപടിയുമില്ല. ഇങ്ങനെ അപമാനിതയായി ജീവിക്കുന്നതിലും ഭേദം ജീവനൊടുക്കുകയാണെന്നും അതിന് അനുവാദം നല്‍കണമെന്നും ഇവര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്തില്‍ പറഞ്ഞു.

‘ഏറെ അഭിമാനത്തോടെയും സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കാനാകുമെന്ന ധാരണയോടെയുമാണ് ഞാൻ നിയമവ്യവസ്ഥയുടെ ഭാഗമായത്. എന്നാല്‍, എല്ലാ വാതിലുകള്‍ക്ക് മുന്നിലും നീതിക്ക് വേണ്ടി യാചിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ എനിക്ക്. ഞാൻ ലൈംഗികാതിക്രമത്തിനിരയായി’ -ജഡ്ജി കത്തില്‍ പറയുന്നു.

ലൈംഗികാതിക്രമം സഹിച്ച്‌ ജീവിക്കാൻ പഠിക്കണമെന്നാണ് ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും പറയാനുള്ളത്. അതാണ് നമ്മുടെ ജീവിതത്തിന്‍റെ യാഥാര്‍ഥ്യം. ലൈംഗികാതിക്രമത്തിനെതിരായ നിയമം ഒരു നുണയാണ്. നിങ്ങളെ ആരും കേള്‍ക്കുകയോ വേവലാതിപ്പെടുകയോ ഇല്ല. പരാതിപ്പെട്ടാല്‍ നിങ്ങള്‍ തന്നെയാണ് വീണ്ടും പീഡനമനുഭവിക്കുക. ആരും കേള്‍ക്കാനുണ്ടാവില്ല എന്ന് പറയുന്നതില്‍ സുപ്രീംകോടതിയും ഉള്‍പ്പെടും. നിങ്ങളുടെ പരാതിക്ക് എട്ട് സെക്കൻഡ് ലഭിക്കും. നിങ്ങള്‍ അപമാനിക്കപ്പെടും. നിങ്ങള്‍ ആത്മഹത്യചെയ്യാൻ നിര്‍ബന്ധിതരാകും. എന്നെപ്പോലെ നിര്‍ഭാഗ്യവതിയല്ലായെങ്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ നിങ്ങള്‍ക്ക് മരിക്കാനാകും -കത്തില്‍ പറയുന്നു.

എന്നെ ജില്ല ജഡ്ജിയും അദ്ദേഹത്തിന്‍റെ അസോസിയേറ്റ് ജഡ്ജിമാരും ലൈംഗികാതിക്രമത്തിനിരയാക്കി. രാത്രിയില്‍ ചെന്ന് കാണാൻ ജില്ല ജഡ്ജിയില്‍ നിന്ന് എനിക്ക് നിര്‍ദേശമുണ്ടായി. 2022ല്‍ ഇതിനെ കുറിച്ച്‌ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിനും പരാതി നല്‍കി. ഇന്നുവരെ ഒരു നടപടിയുമുണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ ആരും എന്നോട് ചോദിക്കുക പോലും ചെയ്തിട്ടില്ല.

2023 ജൂലൈയില്‍ ഹൈകോടതിയിലെ ആഭ്യന്തര പരാതിപരിഹാര സമിതിക്ക് പരാതി നല്‍കി. ആയിരക്കണക്കിന് മെയിലുകള്‍ അയച്ചിട്ട് ആറുമാസത്തിന് ശേഷം ഇപ്പോള്‍ അന്വേഷണം തുടങ്ങുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന അന്വേഷണം തന്നെ ഒരു പ്രഹസനമാണ്. അന്വേഷണത്തിലെ സാക്ഷികള്‍ പ്രതിയായ ജില്ല ജഡ്ജിയുടെ അടുത്ത സഹപ്രവര്‍ത്തകരാണ്. ജഡ്ജിനെതിരായി അവര്‍ മൊഴി നല്‍കുമെന്നാണോ അന്വേഷണ സമിതി കരുതുന്നത്? അന്വേഷണം അവസാനിക്കും വരെ ജില്ല ജഡ്ജിയെ സ്ഥലം മാറ്റണം. ഈയൊരു കുറഞ്ഞ ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല. സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ എന്‍റെ റിട്ട് പരാതി എട്ട് സെക്കൻഡിനുള്ളില്‍ കോടതി തള്ളി. എന്‍റെ ജീവിതവും പദവിയും ആത്മാഭിമാനവുമാണ് അവിടെ റദ്ദാക്കപ്പെട്ടതെന്നാണ് തോന്നിയത്.

ആരോപണവിധേയനായ ജില്ല ജഡ്ജിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അതിന്‍റെ ഫലമെന്താകുമെന്ന് എല്ലാവര്‍ക്കുമറിയാം. സ്വയം നീതി ലഭ്യമാക്കാനാകാതെ ഞാൻ എങ്ങനെ മറ്റുള്ളവര്‍ക്ക് നീതി നല്‍കും. എനിക്ക് ഇനി ജീവിക്കണമെന്ന് ആഗ്രഹമില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി ജീവച്ഛവമായാണ് ഞാൻ തള്ളിനീക്കുന്നത്. ജീവനും ആത്മാവുമില്ലാത്ത ഈ ശരീരവുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ല. ജീവിതം കൊണ്ട് ഞാൻ ഇനിയൊന്നും ഉദ്ദേശിക്കുന്നില്ല. എന്നെ ആത്മാഭിമാനത്തോടെ ജീവനൊടുക്കാൻ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു -അര്‍പിത സാഹു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്തില്‍ പറഞ്ഞു.