പാര്‍ലമെന്റ് പാസിന് കര്‍ശന വ്യവസ്ഥകള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സന്ദര്‍ശകര്‍ക്കുള്ള വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ലോക്സഭയിലെ നടപടിക്രമങ്ങളുടെ റൂള്‍ 386ല്‍ പറയുന്നുണ്ട്.
എം.എൻ. കൗളും എസ്.എല്‍. ശക്ധറും തയാറാക്കിയ ‘പാര്‍ലമെന്റ് നടപടിക്രമങ്ങളി’ലും ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്നു.തനിക്ക് വ്യക്തിപരമായി അറിയുന്ന ആളിനുവേണ്ടി മാത്രമേ ഒരു പാര്‍ലമെന്റ് അംഗത്തിന് സന്ദര്‍ശക പാസിനായി അപേക്ഷിക്കാൻ കഴിയൂ. പാസ് ലഭിക്കുന്ന വ്യക്തി തനിക്ക് വ്യക്തിപരമായി അറിയാവുന്ന ബന്ധു അല്ലെങ്കില്‍ സുഹൃത്താണെന്ന് സാക്ഷ്യപ്പെടുത്തി അംഗം സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം.
സന്ദര്‍ശനം നത്താനുദ്ദേശിക്കുന്നതിന്റെ തൊട്ടുമുമ്ബുള്ള പ്രവൃത്തിദിവസം വൈകീട്ട് നാലിനുമുമ്ബ് പാസിനുള്ള അപേക്ഷ സെൻട്രലൈസ്ഡ് പാസ് ഇഷ്യൂ സെല്ലില്‍ ലഭിക്കണം. നിശ്ചിത ദിവസം നിശ്ചിത സമയത്തേക്കാണ് സന്ദര്‍ശക പാസുകള്‍ സാധാരണ അനുവദിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍, സന്ദര്‍ശനം നടത്തുന്ന ദിവസം തന്നെ പാസിന് അപേക്ഷിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയുമുണ്ട്. നിശ്ചിത സമയപരിധിക്കകം അപേക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇതിന് അനുവദിക്കുന്നത്. ഇത്തരം കാര്‍ഡുകള്‍ ഒരുദിവസം നാലില്‍ കൂടുതല്‍ അനുവദിക്കില്ല. കാര്‍ഡ് എം.പി നേരിട്ട് ഏറ്റുവാങ്ങണം.