വണ്ടിപ്പെരിയാറിലെ കുറ്റവിമുക്തന്റേത് സിപിഎം രാഷ്ട്രീയം; റെഡ് വാളണ്ടിയര്‍ ഇനി റെഡ് സല്യൂട്ടിന്!
തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊടതി വെറുതെ വിടുന്നത് ഡിവൈഎഫ്‌ഐയുടെ മുൻ റെഡ് വാളണ്ടിയറെ.
സിപിഎം ഭരിക്കുമ്ബോള്‍ അതേ പാര്‍ട്ടിക്കാരൻ അതിക്രൂരമായി പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങളുണ്ടാക്കി. അന്ന് കൊല നടന്നപ്പോഴും പലരും മൗനം പാലിച്ചു. പ്രതികരണം നടത്താത്ത സാംസ്‌കാരിക ബുദ്ധിജീവികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തരംഗം. ഭരണകക്ഷികളുടെ അടിമ പണിയുടെ മൊത്ത കച്ചവടം ഏറ്റെടുത്തിട്ടുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരുടെ നാവിറങ്ങി പോയോ എന്ന് സോഷ്യല്‍ മീഡിയ അന്ന് ചോദിച്ചിരുന്നു. ഏതായാലും കോടതി വെറുതെ വിടുന്നതോടെ അര്‍ജുന് ഇനി വീണ്ടും പൊതു രംഗത്ത് സജീവമാകാം.
കോടതി വെറുതെ വിട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. അര്‍ജുന്റെ അച്ഛനും സിപിഎം പ്രവര്‍ത്തകനായിരുന്നു. അര്‍ജുനോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് തുടക്കം മുതല്‍തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അര്‍ജുൻ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകനായതിനാല്‍ പൊലീസ് നേരാംവണ്ണം അന്വേഷിച്ചിരുന്നില്ലെന്നും പട്ടികജാതിക്കാരനല്ലാത്ത പ്രതിയെ പട്ടികജാതിക്കാരനാക്കിയാണ് പൊലീസ് അവതരിപ്പിച്ചതെന്നും പരാതിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. വിചാരണയ്‌ക്കൊടുവില്‍ തെളിവില്ലായ്മ പ്രതിക്ക് തുണയായി. ഇതോടെ കുറ്റവിമുക്തിയും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രതികരണ തൊഴിലാളികള്‍ തങ്ങളുടെ തൊട്ടടുത്ത് നടന്ന കുരുന്നിന്റെ ക്രൂരമായ കൊലപാതകത്തോട് എന്തുകൊണ്ടാണ് ഇത്തരം നിര്‍വികാരമായ സമീപനം എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്. കുറ്റകൃത്യത്തെ സമര്‍ത്ഥമായി ഒളിപ്പിക്കാൻ അര്‍ജുന് കഴിഞ്ഞിരുന്നുവെന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു. ഡിവൈഎഫ് ഐക്കാരനായ അര്‍ജുൻ മരണാനന്തര ചടങ്ങുകള്‍ക്ക് സഹായി ആയി കൂടി. ആര്‍ക്കും സംശയം തോന്നിയില്ല. എന്നാല്‍ കുട്ടിയുടെ വേര്‍പാട് താങ്ങാനായില്ലെന്ന വണ്ണം നടത്തിയ പൊട്ടിക്കരച്ചിലുകള്‍ സംശയമായി. അങ്ങനെ പൊലീസ് ചോദ്യം ചെയ്തു. ആദ്യം കളവു പറഞ്ഞെന്ന് വ്യക്തമായതോടെ അര്‍ജുനിലേക്ക് അന്വേഷണം എത്തി. പിന്നീട് കുറ്റസമ്മതവും നടത്തിയെന്നായിരുന്നു പൊലീസ് വാദം. ഇത് തെറ്റാണെന്ന് വരികയാണ് കോടതി വിധിയോടെ
ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ സമീപ ലയങ്ങളിലെ ആണ്‍കുട്ടികളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നിരവധി യുവാക്കളെ പാര്‍ട്ടി പരേഡില്‍ യൂണിഫോമില്‍ പങ്കെടുപ്പിച്ചിരുന്നതും അര്‍ജുന്റെ നേതൃത്വത്തിലായിരുന്നു. അര്‍ജുന്റേത് പാര്‍ട്ടി കുടുംബമാണ്. അച്ഛൻ തൊഴിലാളി യൂണിയൻ
നേതാവായതിനാല്‍ ലയങ്ങളിലുള്ളവര്‍ക്ക് യുവാവിനോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. ഇതെല്ലാം ഈ കേസിന്റെ തുടക്കത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏതായാലും കുറ്റ വിമുക്തനായ അര്‍ജുനെതിരെ പ്രോസിക്യൂഷൻ അപ്പീല്‍ നല്‍കാൻ സാധ്യത ഏറെയാണ്. കേരളത്തെ നടുക്കിയ കൊലയില്‍ അതിവേഗ വിചാരണയും ഏതാണ്ട് നടന്നു. രണ്ടു കൊല്ലം കൊണ്ടു അര്‍ജുനെ വെറുതെ വിട്ടു. ഇനി പുനരന്വേഷണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കൊലപാതകം നടന്ന അന്ന് ഉച്ചയ്ക്ക് അര്‍ജുനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന അര്‍ജുന്റെ അടുത്ത ബന്ധു പൊലീസിനു നല്‍കിയ മൊഴിയാണു വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു അര്‍ജുൻ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ 30ന് തങ്ങള്‍ക്കു ചക്ക മുറിച്ചു തന്നത് അര്‍ജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ കള്ളം പറഞ്ഞുവെന്ന് വ്യക്തമായി. കുട്ടിയെ അര്‍ജുൻ മൂന്നു വര്‍ഷമായി ഉപദ്രവിച്ചിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നല്‍കിയായിരുന്നു പീഡനം എന്നായിരുന്നു ആരോപണം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അര്‍ജുൻ ലയത്തിലെ മുറിയില്‍ കയറിയെന്ന ആക്ഷേപത്തിനും തെളിവൊന്നും ഇല്ല.
ഈ സമയം കുട്ടിയുടെ സഹോദരനുള്‍പ്പെടെ ഇയാളുടെ സുഹൃത്തുക്കള്‍ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ പെണ്‍കുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതി മുറിയിലെ കയറില്‍ കുട്ടിയെ കെട്ടിത്തൂക്കിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഇതിനിടെ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുൻവശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അര്‍ജുന്റെ മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ലയത്തിലെ മുറിയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണു പീഡനവിവരം വ്യക്തമായത്.
കൊലപാതകം നടന്ന ഉടൻ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍, ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറിയത്. പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വെളിവായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. പി.കെ ബഷീര്‍ എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ എന്നിവരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി
എന്നാല്‍, അര്‍ജുൻ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമാണെന്നും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ സംഘടനകള്‍ ആരോപിച്ചിരുന്നു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റീ സൈക്കിള്‍ ശേഖരണ പരിപാടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുൻനിരക്കാരൻ ആയി വീടുകളില്‍ എത്തി സാധനങ്ങള്‍ സംഘടിപ്പിച്ചതു അര്‍ജുനാണെന്ന് നാട്ടുകാരും പറഞ്ഞിരുന്നു. വണ്ടിപെരിയാര്‍ കേസില്‍ പ്രതിയായ അതെ ദിവസം അര്‍ജുനെ അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്‌ഐയും അറിയിച്ചു.
കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നില്ല. ക്രിസ്തുമത വിശ്വാസിയായ പ്രതി അര്‍ജുൻ പട്ടികവിഭാഗത്തില്‍പെട്ടയാളാണെന്ന രേഖകളുണ്ടാക്കി പട്ടികവിഭാഗ പീഡനക്കേസ് മനഃപൂര്‍വം ഒഴിവാക്കുകയാണെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, പ്രതി പട്ടികവിഭാഗക്കാരനാണെന്ന് അന്വേഷണത്തില്‍ ബോധ്യമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്.
ഇയാളുടെ പിതാവ് മതം മാറിയതിന്റെ രേഖ കുട്ടിയുടെ പിതാവ് ഹാജരാക്കിയെങ്കിലും പരിശോധനക്ക് ലഭിച്ച സുപ്രധാന രേഖകളിലെല്ലാം പ്രതി പട്ടികജാതിക്കാരനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞ കോടതി ഹരജി തള്ളിയിരുന്നു.