വെറും രണ്ട് രൂപക്ക് ഹൈദരാബാദി ബിരിയാണി വിറ്റ് റസ്റ്റോറന്‍റ്; പക്ഷെ ചെറിയൊരു നിബന്ധനയുണ്ടെന്ന് മാത്രം

ബിരിയാണികളുടെ രാജാവ് ആരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം ഹൈദരാബാദി ബിരിയാണി എന്നാണ്. ലോകമെമ്ബാടും പ്രശസ്തമാണ് ഈ ബിരിയാണിയും അതിന്‍റെ രുചിയും.ഒരു ഹൈദരാബാദി ബിരിയാണി വെറും രണ്ട് രൂപയ്ക്ക് വില്‍ക്കുകയാണ് ഒരു റസ്റ്റോറന്‍റ് ശൃംഖല. പക്ഷെ രണ്ട് രൂപയ്ക്ക് ബിരിയാണി കിട്ടാൻ ചില നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം.

നായിഡു ഗാരി കുന്ദ ബിരിയാണി എന്ന മള്‍ട്ടി ക്യുസിൻ റസ്റ്റോറന്‍റാണ് രണ്ട് രൂപക്ക് ബിരിയാണി വില്‍ക്കുന്നത്. ഇവരുടെ വിവിധ ബ്രാഞ്ചുകളില്‍ ഹൈദരാബാദി ബിരിയാണി രണ്ട് രൂപക്ക് ലഭിക്കും. പക്ഷെ ഈ ബിരിയാണി ലഭിക്കണമെങ്കില്‍ നല്‍കേണ്ടത് പഴയ രണ്ട് രൂപ നോട്ടാണെന്നതാണ് പ്രധാന നിബന്ധന.

ആളുകളുടെ കയ്യില്‍ ഇപ്പോഴും പഴയ രണ്ട് രൂപ നോട്ടുകള്‍ ഉണ്ടോ എന്ന കൗതുകം കൊണ്ടാണ് ഇത്തരമൊരു ഓഫര്‍ നല്‍കുന്നതെന്ന് നായിഡു ഗാരി കുന്ദ ബിരിയാണി റസ്റ്റോറന്റ് അധികൃതര്‍ പറയുന്നു. ഓഫര്‍ സംബന്ധിച്ച്‌ ഇതുവരേയും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും നൂറിലധികം ഭക്ഷണപ്രേമികള്‍ ഇതുവരെ ഓഫര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും റസ്റ്ററന്റ് മാനേജ്‌മെന്റ് പറഞ്ഞു.

റസ്റ്റോറന്റിന് ഹൈദരാബാദില്‍ മൂന്ന് ശാഖകളുണ്ട്, കെ.പി.എച്ച്‌.ബി, ഗച്ചിബൗളി, ദില്‍സുഖ്നഗര്‍. ഇതില്‍ കെ.പി.എച്ച്‌.ബി ഔട്ട്‌ലെറ്റില്‍ മാത്രമാണ് രണ്ട് രൂപ ബിരിയാണി ഓഫര്‍ ലഭ്യമാവുക. നേരത്തേയും ഈ റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പലതരം ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ ബാഹുബലി താലി 30 മിനിറ്റില്‍ കഴിച്ചു തീര്‍ത്താല്‍ പണം നല്‍കേണ്ട എന്ന ഓഫറും ഇപ്പോഴും നിലവിലുണ്ട്. താലിയില്‍ 30 ലധികം ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ബാഹുബലി താലിയുടെ യഥാര്‍ഥ വില 1,999 രൂപയാണ്. ഇതുവരെ ഏഴ് പേര്‍ മാത്രമാണ് വെല്ലുവിളി പൂര്‍ത്തിയാക്കുന്നതില്‍ വിജയിച്ചത്. 2 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്ന ആളുകള്‍ക്ക് ഈ ഓഫര്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതിനാല്‍ 2 രൂപ ബിരിയാണി അത്ര വെല്ലുവിളി നിറഞ്ഞതല്ല എന്നാണ് വിലയിരുത്തല്‍.