ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ കാമുകിയുടെ ദേഹത്തു കൂടി കാര്‍ കയറ്റി; പൊലീസ് കേസെടുത്തു

മുംബൈ: 26 വയസുള്ള യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി യുവാവിന്റെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

കാമുകനുമായുള്ള വാഗ്വാദത്തിനൊടുവിലാണ് ഇങ്ങനെയൊരു ക്രൂരമര്‍ദനത്തിന് ഇരയായതെന്ന് പ്രിയ സിങ് എന്ന യുവതി പറയുന്നു. താനെയിലെ ഹോട്ടലിനടുത്താണ് സംഭവം. സംഭവത്തില്‍ അശ്വജിത്ത് ഗെയ്ക്ക്‍വാദിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പറേഷൻ മാനേജിങ് ഡയറക്ടര്‍ അനില്‍ ഗെയ്ക്ക്‍വാദിന്റെ മകനാണ് അശ്വജിത്ത്. അഞ്ചുവര്‍ഷമായി പ്രണയത്തിലാണ് പ്രിയയും അശ്വജിത്തും.

ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് അശ്വജിത്ത് പ്രിയയെ വിളിച്ചു. അവിടെയെത്തിയപ്പോള്‍, മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു. തുടര്‍ന്ന് അശ്വജിത്തിന് അടുത്തേക്ക് പോയപ്പോള്‍ വിചിത്രമായി പെരുമാറി. തുടര്‍ന്ന് അശ്വജിത്തിനോട് സ്വകാര്യമായി സംസാരിച്ച്‌ പ്രശ്നം അന്വേഷിക്കാൻ പ്രിയ തീരുമാനിച്ചു. ചടങ്ങില്‍നിന്ന് മാറിനിന്ന പ്രിയ അശ്വജിത്തിനോടായി സംസാരിക്കാൻ കാത്തുനിന്നു. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ അശ്വജിത്ത് പ്രിയയോട് വഴക്കിട്ടു. അശ്വജിത്തും സുഹൃത്തുക്കളും പ്രിയക്കു നേരെ അസഭ്യവര്‍ഷം നടത്തിയതായും പരാതിയുണ്ട്.

സുഹൃത്തുക്കളെ തടയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അശ്വജിത്ത് തന്നെ അടിക്കുകയും കഴുത്തു ഞെരിച്ച്‌ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പ്രിയ പറഞ്ഞു. തള്ളിമാറ്റാൻ ശ്രമിച്ച പ്രിയയെ എല്ലാവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ച്‌ നിലത്തേക്ക് തള്ളിയിട്ടുവെന്നും പ്രിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. എന്നാല്‍ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല. കാറില്‍ നിന്ന് തന്റെ ഫോണും മറ്റ് സാധനങ്ങളും എടുക്കാൻ ശ്രമിച്ചപ്പോള്‍, ഡ്രൈവറോട് പ്രിയയുടെ ദേഹത്തു കൂടെ കാര്‍ കയറ്റാൻ അശ്വജിത്ത് ആവശ്യപ്പെട്ടു. കാര്‍ തട്ടി നിലത്തേക്ക് വീണ പ്രിയയുടെ ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റെന്നും യുവതി പറയുന്നുണ്ട്. വേദനകൊണ്ട് പുളഞ്ഞ് മണിക്കൂറുകളോം റോഡില്‍ കിടന്നിട്ടും ആരും ആശുപത്രിയില്‍ പോയില്ലെന്നും പ്രിയ ആരോപിക്കുന്നുണ്ട്. ഒടുവില്‍ കാര്‍ ഡ്രൈവര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. പരാതി നല്‍കരുതെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

 

 

കാര്‍ കയറ്റിയപ്പോള്‍ വലതുകാലിന്റെ എല്ല് പൊട്ടിയതിനാല്‍ ശസ്ത്രക്രിയ നടത്തി. ദേഹം മുഴുവൻ പരിക്കേറ്റു. മൂന്നുനാലു മാസത്തോളം എഴുന്നേല്‍ക്കാനാവാതെ കിടപ്പായിരുന്നുവെന്നും പ്രിയ പറയുന്നു. അതിനു ശേഷം ആറുമാസം മറ്റൊരാളുടെ സഹായത്തോടെയാണ് നടക്കാൻ ശ്രമിച്ചതെന്നും പ്രിയ പൊലീസിനോട് പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

താനെയില്‍ സഹോദരിയോടൊപ്പം ബ്യൂട്ടി സലൂണ്‍ നടത്തുകയാണ് പ്രിയ സിങ്. പ്രിയയെ കൊല്ലാനാണ് അശ്വജിത്ത് ശ്രമിച്ചതെന്ന് സഹോദരി ആകാംക്ഷ ആരോപിച്ചു. പലപ്പോഴും പ്രിയക്കൊപ്പം വീട്ടില്‍ വരാറുണ്ടായിരുന്ന അശ്വജിത്ത് വിവാഹം കഴിക്കുമെന്നും പറയാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ അയാള്‍ മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞു. അതിനു ശേഷം മാനസിക വിഷമത്തിലായിരുന്ന പ്രിയ നഗരം വിട്ടുപോകാനും തീരുമാനിച്ചു. എന്നാല്‍ താൻ വിവാഹമോചിതനായെന്ന് അശ്വജിത്ത് പ്രിയയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അന്നത്തെ പരിപാടിക്കിടെ ഭാര്യയെന്നു പറയുന്ന യുവതിക്കൊപ്പം അശ്വജിത്തിനെ പ്രിയ കണ്ടുവെന്നും ഇതിനെ കുറിച്ച്‌ ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സഹോദരി പറയുന്നു.