തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ചു

തിരൂര്‍: നവകേരള സദസ്സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പ്.

തിരൂര്‍ മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് വരുന്നത്.

തിരൂര്‍ കോര്‍ട്ട് റോഡില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ജീര്‍ണിച്ച കെട്ടിടത്തിന് പകരം സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പണിയാൻ ഭൂമി അനുവദിക്കണമെന്ന് നവകേരള സദസ്സില്‍ എല്‍.ഡി.എഫ് തിരൂര്‍ മണ്ഡലം കമ്മിറ്റിയടക്കം സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും റവന്യൂ മന്ത്രി കെ. രാജനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ചര്‍ച്ച ചെയ്ത് പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള തിരൂര്‍ മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭൂമിയില്‍ അഞ്ച് സെന്റ് ഭൂമി പ്രത്യേകമായി അനുവദിച്ചത്.

ഭൂമി വിട്ടുകൊടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റവന്യൂ വകുപ്പിനോട് നിര്‍ദേശിച്ചു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരൂരില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം പണിയുന്നത്. കെട്ടിടനിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി തിരൂര്‍ തഹസില്‍ദാര്‍ എസ്. ഷീജ പറഞ്ഞു.

കെട്ടിടത്തിന്റെ സാങ്കേതിക ഭരണാനുമതി ലഭിച്ചാലുടൻ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.