എവിടെ നരഭോജി കടുവ?

കാല്‍പാട്വാകേരി: നാടിനെ ആശങ്കയിലാക്കിയ മൂടക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാംനാളിലും ഫലം കണ്ടില്ല.

എന്നാല്‍, ഇന്നലെയും കൂടല്ലൂരില്‍ നിന്ന് അഞ്ചു കി.മീ. അകലെയുള്ള കല്ലൂര്‍കുന്ന് ഞാറ്റാടിയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. ഞാറ്റാടി സാബുവിന്റെ വീടിന്റെ മുറ്റത്താണ് കാല്‍പ്പാടുകള്‍ കണ്ടത്. കടുവ നടന്നുപോയ കാല്‍പ്പാടുകള്‍ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ വയലിലും കാല്‍പ്പാടുകള്‍ കണ്ടെത്തി. ചൊവാഴ്ച ഗാന്ധിനഗര്‍ 90ല്‍ കടുവയെ പ്രദേശവാസികള്‍ കണ്ടിരുന്നു. അവിടുന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ഞാറ്റടിയിലേക്കുള്ളത്. ഇവിടെ ഒരു വശം എസ്റ്റേറ്റുകളാണ്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കല്ലൂര്‍കുന്ന് ഞാറ്റാടിയില്‍ വീട്ടുമുറ്റത്തു കണ്ട കടുവയുടെ കാല്‍പാട്

വെള്ളിയാഴ്ച രാവിലെ മുതല്‍ ദൗത്യസംഘം വനമേഖലയിലടക്കം തിരച്ചില്‍ നടത്തി. വെറ്ററിനറി സര്‍ജൻ മൃഗസംരക്ഷണവകുപ്പിലെ അസി.ഡയറക്ടര്‍ കൂടിയായ ഡോ. അരുണ്‍ സഖറിയ, ഡി.എഫ്.ഒ ഷജ്ന കരീം, നോര്‍തേണ്‍ സി.സി.എഫ് കെ.എസ്.ദീപ എന്നിവരുള്‍പ്പെടെ മേഖലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. കുറ്റിക്കാടുകളും കാപ്പിത്തോട്ടങ്ങളും തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കൊല്ലി പോലുള്ള ഭാഗങ്ങളില്‍ ഒരാള്‍ക്ക് മുകളിലാണ് കാടുവളര്‍ന്ന് പടര്‍ന്നുകിടക്കുന്നത്. ഇവിടെ വെച്ച്‌ കടുവയെ മയക്കുവെടി ഉള്‍പ്പെടെ വെക്കുന്നത് തിരച്ചില്‍ സംഘത്തിന് വെല്ലുവിളിയാണ്. കുങ്കിയാനകളെ ഉപയോഗിച്ച്‌ രാവിലെ മുതല്‍ കാപ്പിത്തോട്ടങ്ങളിലുള്‍പ്പെടെ തിരച്ചില്‍ നടത്തി.

കടുവയെ പിടികൂടാത്തതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. തോട്ടങ്ങളില്‍ കാപ്പിക്കുരു പഴുത്തുകിടക്കുകയാണ്. കാപ്പിക്കുരു പറിച്ചെടുക്കേണ്ട സമയമായി. കടുവപ്പേടി ഉള്ളതിനാല്‍ പണിക്ക് തൊഴിലാളികളെ കിട്ടുന്നില്ല. സ്വന്തം പറമ്ബില്‍ ഇറങ്ങി പറിച്ചെടുക്കാനും കഴിയാത്ത സ്ഥിതിയിലാണ് ജനം.

ആ ജീവൻ പൊലിഞ്ഞിട്ട് ഒരാഴ്ച

വാകേരി: യുവകര്‍ഷകനെ കൊന്ന് മൃതദേഹം ഭക്ഷിച്ചിട്ട് എട്ടു ദിവസമായിട്ടും പിടികൊടുക്കാതെ നരഭോജി കടുവ. വാകേരി കൂടല്ലൂര്‍ മറോട്ടിത്തറപ്പില്‍ പ്രജീഷാണ് ഡിസംബര്‍ ഒമ്ബതിന് രാവിലെ സ്വകാര്യതോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോള്‍ കടുവക്ക് ഇരയായത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ഇടപെട്ടു. ചര്‍ച്ചയില്‍ കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാൻ ധാരണയായതോടെയാണ് പ്രദേശവാസികള്‍ പിൻമാറിയത്.

നരഭോജി കടുവയെ വെടിവെച്ചു കൊല്ലണമെന്ന ഉത്തരവ് രേഖാമൂലം വനം വകുപ്പധികൃതരില്‍ നിന്ന് കിട്ടിയാല്‍ മാത്രമേ യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങൂവെന്ന തീരുമാനത്തിലുമായിരുന്നു നാട്ടുകാര്‍. തുടര്‍ന്ന് ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ മോര്‍ച്ചറിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. അവസാനം മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കില്‍ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാമെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിറങ്ങിയതോടെയാണ് സമരം അവസാനിപ്പിച്ച്‌ മൃതദേഹം വീട്ടിലെത്തിച്ചത്. പിറ്റേന്നു മുതല്‍ കടുവയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.

സംഘങ്ങളായി തിരച്ചില്‍ നടത്തി. വനംവകുപ്പിന്റെ 80 ഓളം വരുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. പ്രദേശത്ത് 36 ഓളം കാമറകള്‍ സ്ഥാപിച്ചു. എസ്റ്റേറ്റുകളും വനയോരവും കയറിയിറങ്ങി. ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവയും ഉപയോഗപ്പെടുത്തി. ചൊവ്വാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഗാന്ധിനഗര്‍ 90ല്‍ വനമേഖലയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയത്. കോളനി കവലയിലും കൂടല്ലൂരില്‍ കോഴിഫാമിനടുത്തും രണ്ട് കൂടുകള്‍കൂടി സ്ഥാപിച്ചു. എന്നാല്‍, വനം വകുപ്പ് സ്ഥാപിച്ച മൂന്നു കൂടുകളിലും കടുവ വീണില്ല. വ്യാഴാഴ്ച കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായെങ്കിലും വെടി വെക്കാൻ പഴുതുതേടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഭരത്, വിക്രം എന്നീ കുങ്കിയാനകളെയും തിരച്ചിലിനായി ഇറക്കി.

പ്രജീഷിനെ കൊന്നത്‍ വനം വകുപ്പിന്റെ ഡേറ്റബേസില്‍ ഉള്‍പ്പെട്ട വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യു.ഡബ്ല്യു.എല്‍ 45 എന്ന ഇനത്തില്‍പ്പെട്ട 13 വയസ്സുള്ള ആണ്‍ കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കാമറകളിലടക്കം കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.