കോഴിക്കോട് ജില്ലയില്‍ കോവിഡും പകര്‍ച്ചവ്യാധികളും കൂടുന്നു

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കോവിഡും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കുന്നുമ്മല്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കോവിഡ് വ്യാപന ഭീതിയിലായി.

മറ്റു പകര്‍ച്ചവ്യാധികളുമായി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് കൂടാതെ എച്ച്‌ 1 എൻ 1, മഞ്ഞപ്പിത്തം, ന്യൂമോണിയ, ഇൻഫ്ലുവൻസ ഉള്‍പ്പെടെ ബാധിച്ച്‌ എണ്‍പതോളം പേരാണ് ചികിത്സയിലുള്ളത്. ഡെങ്കിപ്പനി ബാധിച്ച്‌ ഏഴുപേരും എലിപ്പനി ബാധിച്ച്‌ മൂന്നു പേരെയും ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഴ്ചയില്‍ 30-40 പേരാണ് മഞ്ഞപ്പിത്തം പിടിപെട്ട് ചികിത്സക്ക് എത്തുന്നത്. അതിനിടെ ഷിഗല്ല ബാധിച്ച്‌ പനങ്ങാട് പഞ്ചായത്തിലെ ആറു വയസ്സുകാരനും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളോടും കോവിഡ് ചികിത്സക്ക് തയാറായിരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആശുപത്രികളിലെ ബെഡ്, ഐ.സി.യു, വെന്റിലേറ്റര്‍, പി.പി.ഇ കിറ്റ്, കോവിഡ് രോഗികള്‍ക്ക് ആവശ്യമായി വരുന്ന മരുന്ന് തുടങ്ങിയവയുടെ തല്‍സ്ഥിതി പരിശോധിക്കുന്നതിനുള്ള ഗൂഗ്ള്‍ ഫോമും എല്ലാ ആശുപത്രികള്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട്. തലവേദന, ചെറിയ തോതില്‍ പനി, ശരീരവേദന തുടങ്ങിയവയാണ് കോവിഡിന്‍റെ ലക്ഷണങ്ങള്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ ചികിത്സ തേടണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം.

 

കുന്നുമ്മലിലെ വയോധികന്റെ മരണം കോവിഡ് ബാധിച്ച്‌ പ്രദേശത്ത് നിയന്ത്രണങ്ങളില്ല

 

കുറ്റ്യാടി: കുന്നുമ്മല്‍ പഞ്ചായത്തില്‍ 13ാം വാര്‍ഡിലെ വയോധികന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥീരികരിച്ചു. വട്ടോളി ദേശീയ ഗ്രന്ഥശാലക്കുസമീപം കളിയാട്ട് പറമ്ബത്ത് കുമാരനാണ് (73) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. തൊട്ടില്‍പാലം കൂടല്‍ സ്വദേശിയാണ്.

കുമാരൻ

ശ്വാസതടസ്സം ബാധിച്ചതിനാല്‍ വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം. സ്രവം ശേഖരിച്ച്‌ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവാണെന്ന് കണ്ടെത്തിയത്. കൂട്ടിരിപ്പുകാരായിരുന്ന ഭാര്യയുടെയും ഭാര്യാസഹോദരന്റെയും സ്രവം പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റിവാണെന്നും അറിയിച്ചു.

സംസ്കാരം നടത്തുന്നതിനുള്ള മുൻകാല പ്രോട്ടോകോളുകളില്‍ അവയുള്ളതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചതായി ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങ് നടത്തുന്നവര്‍ പി.പി.ഇ കിറ്റുകള്‍ ധരിക്കേണ്ടെന്നും മാസ്കും കൈയുറയും ഉപയോഗിച്ചാല്‍ മതിയെന്നും അറിയിച്ചു. പഞ്ചായത്തിലെ ആര്‍.ആര്‍.ടി വളന്റിയര്‍മാര്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്കാരം നടത്തിയതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് പറഞ്ഞു. മരിച്ച വീട്ടില്‍ പുറത്തുനിന്നുള്ള ആരും പോയിട്ടില്ല.

കൂട്ടിരിപ്പുകാരായിരുന്ന രണ്ടുപേരും ക്വാറന്റീനിലാണ്. മുൻകാല നിയന്ത്രണങ്ങളോ റോഡ് അടക്കലോ ഇല്ല. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം യോഗം ചേര്‍ന്നു. ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.