ബാപ്പുവിന്റെ തലശ്ശേരി കേക്കിന് 140 വയസ്സ്

തലശ്ശേരി: ക്രിസ്മസ് ആഘോഷത്തിന് നാടും നഗരവും ഒരുങ്ങുകയാണ്. ബേക്കറികളിലെ ചില്ലലമാരകളില്‍ ഇനിയുളള ദിവസങ്ങള്‍ മധുരകേക്കുകള്‍ നിറയും.ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്ക് പിറന്നത് തലശ്ശേരിയിലെ മമ്ബള്ളി ബാപ്പുവിന്റെ അപ്പക്കൂടിലാണെന്ന് ചരിത്രം. ഇന്ത്യയില്‍ ആദ്യമായി കേക്ക് നിര്‍മിച്ചതിന്റെ വാര്‍ഷികം കൊണ്ടാടാനൊരുങ്ങുകയാണ് തലശ്ശേരി.

അഞ്ചരക്കണ്ടിയില്‍ കറപ്പത്തോട്ടം ഉണ്ടാക്കിയ ബ്രിട്ടീഷുകാരൻ മര്‍ഡ്രോക്ക് ബ്രൗണിന്റെ മകനായ ഫ്രാൻസിസ് കാര്‍ണാക് ബ്രൗണ്‍ സായിപ്പിന് ക്രിസ്മസ് കേക്ക് നിര്‍മിച്ചുനല്‍കിയത് തലശ്ശേരിക്കാരൻ മമ്ബള്ളി ബാപ്പുവായിരുന്നു. 1883 ഡിസംബര്‍ 20നാണ് ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്ക് നിര്‍മിച്ചത്.

ബ്രൗണ്‍സായിപ്പ് ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്ന ക്രിസ്മസ് കേക്ക് മമ്ബളളി ബാപ്പുവിന് കൊടുക്കുകയും അതിന്റെ ചേരുവകള്‍ പറഞ്ഞുകൊടുത്തും ഇതുപോലൊരു കേക്ക് നിര്‍മിക്കാൻ സായിപ്പ് ആവശ്യപ്പെട്ടു.

ബാപ്പു ധര്‍മടത്തെ കൊല്ലപ്പണിക്കാരനെ കൊണ്ട് കേക്കിന്റെ അച്ച്‌ നിര്‍മിക്കുകയും കേക്ക് നിര്‍മിച്ച്‌ ഒരു കഷ്ണം രുചിച്ചുനോക്കാൻ സായിപ്പിന് നല്‍കുകയും ചെയ്തു. കേക്ക് രുചിച്ചുനോക്കിയ സായിപ്പ് എക്സലന്റ് എന്ന് പറഞ്ഞ് ബാപ്പുവിനെ കെട്ടിപ്പിടിച്ചു. അങ്ങനെ 1883 ഡിസംബര്‍ 20ന് ആദ്യത്തെ ഇന്ത്യൻ ക്രിസ്മസ് കേക്ക് തലശ്ശേരിയില്‍നിന്ന് പുറത്തിറങ്ങി. അതിനുശേഷം തലശ്ശേരി കേക്കിന്റെ നാടാണെന്ന പെരുമ ലോകമെങ്ങും അറിയപ്പെട്ടു.

1880ലാണ് തലശ്ശേരിയില്‍ റോയല്‍ ബിസ്കറ്റ് എന്ന പേരില്‍ മമ്ബള്ളി ബാപ്പു ബേക്കറി വ്യവസായം ആരംഭിച്ചത്. ബാപ്പുവിന്റെ സ്മരണ നിലനിര്‍ത്താൻ തലശ്ശേരി ടൗണിലെ ഹാര്‍ബര്‍സിറ്റി കെട്ടിടത്തില്‍ ഇപ്പോഴും സ്ഥാപനമുണ്ട്.

ഡിസംബര്‍ 20ന് തലശ്ശേരി മേരിമാത ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കേക്കിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്. വൈകീട്ട് നാലിന് തലശ്ശേരി പ്രസ് ഫോറം ഹാളില്‍ ജില്ല ഗവ. പ്ലീഡര്‍ കെ. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാൻ ഡോ. ജി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. മമ്ബള്ളി കുടുംബാംഗങ്ങളായ കുമാരൻ, പ്രകാശൻ തുടങ്ങിയവര്‍ പങ്കെടുക്കും.