ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ കൂലിക്ക് തുഴച്ചില്‍കാര്‍: ഒന്നാമനായ ഇടശേരിമല പള്ളിയോടത്തിന് വിലക്ക്
പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ കൂലിക്ക് തുഴച്ചില്‍കാരെ ഉപയോഗിച്ച ഇടശേരിമല പള്ളിയോടത്തിന് വിലക്ക്.
വള്ളംകളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇടശേരിമല പള്ളിയോടം കൂലിക്ക് തുഴച്ചില്‍കാരെ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി.
ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയ ട്രോഫി തിരികെ വാങ്ങാനും അടുത്ത വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനും തീരുമാനിച്ചത്. കൂടാതെ, വിജയിച്ച ടീമിനുള്ള ഗ്രാന്‍റും നല്‍കേണ്ടെന്നും പള്ളിയോടം സേവാ സമിതി തീരുമാനിച്ചു.
ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ നാട്ടുകാര്‍ തന്നെ പള്ളിയോടങ്ങള്‍ തുഴയണമെന്നാണ് പ്രധാന നിബന്ധന. 52 കരകളില്‍പ്പെട്ടവര്‍ തുഴയണമെന്ന നിബന്ധനക്ക് വിരുദ്ധമായി
ഇടശേരിമല പള്ളിയോടത്തില്‍ പടിഞ്ഞാറൻ മേഖലയില്‍ നിന്നെത്തിയവര്‍ തുഴഞ്ഞുവെന്നാണ് കണ്ടെത്തല്‍. എ ബാച്ച് പള്ളിയോടമാണ് ഇടശേരിമല പള്ളിയോടം.
ചെറുകോല്‍, പുതുക്കുളങ്ങര, പ്രയാര്‍, അയിരൂര്‍, മേലുകര പള്ളിയോടങ്ങള്‍ക്കെതിരെയും നടപടിയുണ്ട്. വള്ളംകളി മത്സരത്തിന് തടസമുണ്ടാക്കിയതിനും മത്സരിക്കുന്ന മൂന്ന് പള്ളിയോടങ്ങള്‍ക്കൊപ്പം കടന്നുകയറി തുഴഞ്ഞെന്നാണ് കണ്ടെത്തല്‍. ചെറുകോല്‍, പുതുക്കുളങ്ങര, പ്രയാര്‍, അയിരൂര്‍ പള്ളിയോടങ്ങളുടെ 50,000 രൂപ വീതവും മേലുകരയുടെ 25,000 രൂപയും ഗ്രാന്‍റും നല്‍കില്ല.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്ബാ നദിയില്‍ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് വള്ളംകളി. നാലാം നൂറ്റാണ്ട് മുതല്‍ നടന്നു വരുന്ന വള്ളംകളിയില്‍ 52 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്.