യു.എസ്. പ്രസിഡന്‍റിന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം നടന്നത് ബൈഡന് തൊട്ടരുകില്‍
വില്ലിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം രാത്രി എട്ടു മണിക്ക് ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനത്തിന് പുറത്തായിരുന്നു സംഭവം.
കെട്ടിടത്തില്‍ നിന്ന് കാറില്‍ കയറാനായി ബൈഡൻ പുറത്തേക്ക് വരുന്ന സമയത്തായിരുന്നു ഇത്.
ബൈഡൻ നില്‍കുന്ന സ്ഥലത്ത് നിന്ന് വെറും 130 അടി അകലെ വെച്ചാണ് പ്രസിഡന്‍റിന്‍റെ വ്യാഹന വ്യൂഹത്തിന്‍റെ ഭാഗമായ എസ്.യു.വിയില്‍ സെഡാൻ ഇടിച്ചു കയറിയത്. ശബ്ദം കേട്ട ബൈഡൻ അപകടം നടന്ന സ്ഥലത്തേക്ക് നോക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഉടൻ തന്നെ പ്രത്യേക സുരക്ഷ വാഹനത്തില്‍ ബൈഡനെ കയറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടു. പ്രസിഡന്‍റും പ്രഥമ വനിത ജില്‍ ബൈഡനും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഡെലവര്‍ രജിസ്ട്രേഷനുള്ള വെള്ള കാറാണ് ഇടിച്ചു കയറിയത്. കാര്‍ വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.