പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാൻ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല.
പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ താളംതെറ്റിയ നിലയിലാണ്.
സ്വകാര്യ ആശുപത്രികളില്‍ നിരവധിപ്പേരാണ് കോവിഡ് പോസിറ്റിവായി ചികിത്സ നടത്തുന്നത്. ഈമാസം ആദ്യം മുതല്‍ നിവധി കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓരാഴ്ചക്കിടെ അമ്ബതിലധികം കേസ് പോസിറ്റിവായി. പലരും പരിശോധന നടത്താതെ വീടുകളില്‍തന്നെ കഴിയുന്നുണ്ട്. ക്ഷീണമുള്ളവരെയും ശ്വാസതടസ്സമുള്ളവരെയുമാണ് നിലവില്‍ പരിശോധനക്ക് അയക്കുന്നത്. കലോത്സവം പോലുള്ള വലിയ ആഘോഷങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ച ജില്ലയില്‍ നടക്കുകയും ചെയ്തു.
കലോത്സവത്തിനിടെ കുഴഞ്ഞുവീണ അധ്യാപകനെ പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം നവകേരള സദസ്സ് അടക്കം വലിയ പരിപാടികള്‍ ജില്ലയില്‍ നടന്നത്. ഇതോടെ വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചന. ഇതിനിടെ ഡെങ്കി, എലിപ്പനി രോഗങ്ങളും വ്യാപകമായി.
കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുമ്ബോഴും സൈറ്റില്‍ കണക്ക് കാണിക്കാനും അധികൃതര്‍ തയാറല്ല. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആശയകുഴപ്പമാണ്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജെ.എൻ -1 വ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്. വാക്സിനെടുത്തവരില്‍ വൈറസ് അപകടകരമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും ഗര്‍ഭിണികളിലും രോഗം അപകടകരമായേക്കാം.