ബസ് യാത്രക്കിടെ യുവതിയുടെ എട്ട് പവന്‍റെ മാല നഷ്ടമായി
കരുമാല്ലൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകള്‍ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിക്കുന്നതിനിടെ കരുമാല്ലൂര്‍ പുതുക്കാട് സ്വദേശിനിയായ യുവതിയുടെ മാലയാണ് നഷ്ടമായത്.
തിങ്കളാഴ്ച രാവിലെ കരുമാല്ലൂര്‍ യൂനിയന്‍ ബാങ്ക് ശാഖയില്‍ പണയത്തിലിരുന്ന സ്വര്‍ണാഭരണങ്ങള്‍ തിരികെയെടുക്കാന്‍ വന്നതായിരുന്നു യുവതി. പണമടച്ച് തിരികെയെടുത്ത ആഭരണങ്ങള്‍ ബാഗില്‍വെച്ച ശേഷം കെ.എസ്.ആര്‍.ടി.സി ബസില്‍ പറവൂരിലേക്ക് പോയി. അക്കൗണ്ടന്റായ യുവതി ഓഫിസിലെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടന്‍ പറവൂര്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് ബാങ്കിലെത്തി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. യുവതി സ്വര്‍ണവുമായി പുറത്തേക്കിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ആലുവ-പറവൂര്‍ ദേശസാത്കൃത റൂട്ടില്‍ പോക്കറ്റടി വ്യാപകമാണ്. കഴിഞ്ഞയാഴ്ച ആലുവയില്‍നിന്ന് തട്ടാംപടിയില്‍ ഇറങ്ങിയ വീട്ടമ്മയുടെ 10,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുമ്ബ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് നാടോടികളെ യാത്രക്കാര്‍ ഓടിച്ചുപിടിച്ച് പൊലീസിന് കൈമാറിയിരുന്നു.