ഐ.ഐ.ടി-ഡല്‍ഹി അബൂദബി: ഉദ്ഘാടന ബാച്ചില്‍ 25 സീറ്റ്

അബൂദബി: ഐ.ഐ.ടി-ഡല്‍ഹി അബൂദബി ഓഫ് കാമ്ബസിന്‍റെ ഉദ്ഘാടന ബാച്ചില്‍ 25 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.

ഐ.ഐ.ടി ഡല്‍ഹിയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ അന്താരാഷ്ട്ര കാമ്ബസാണ് അബൂദബിയിലേത്. ഇമാറാത്തികള്‍ക്കും രാജ്യത്തിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും കോഴ്സുകളിലേക്ക് എൻറോള്‍ ചെയ്യാം. കോഴ്സിന് തല്‍പരരായ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി സീറ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കാൻ ശ്രമിക്കുമെന്ന് അബൂദബി ഡിപ്പാര്‍ട്മെന്‍റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖല ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അഹമ്മദ് സുല്‍ത്താൻ അല്‍ ശുഹൈബി പറഞ്ഞു.

2024 ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന കാമ്ബസില്‍ എനര്‍ജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റി (ഇ.ടി.എസ്) വിഷയത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രവേശനം ന്യായവും സമഗ്രവുമാണെന്ന് ഉറപ്പുവരുത്താൻ വിട്ടുവീഴ്ചയില്ലാത്ത പ്രവേശന നടപടികളാണ് നടപ്പാക്കുന്നത്. യോഗ്യത, ഭാഷ പ്രാവീണ്യം, അക്കാദമിക തലത്തിലെ പ്രകടനം എന്നിവ വിലയിരുത്തിയാവും പ്രവേശനം. എൻജിനീയറിങ് അല്ലെങ്കില്‍ ഫിസിക്കല്‍ സയൻസ്, കെമിസ്ട്രി, എൻവയണ്‍മെന്‍റല്‍ സയൻസ്, എര്‍ത്ത് സയൻസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ നാലു വര്‍ഷ ബിരുദമാണ് യോഗ്യത. രണ്ടു വര്‍ഷ മാസ്റ്റര്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയ മൂന്നു വര്‍ഷ ബിരുദമുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

ബിരുദതലത്തില്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്കോ അല്ലെങ്കില്‍ 7.5, 3.0/4.0 സി.ജി.പി.എ ആണ് കട്ട്‌ഓഫ്. ഒരു വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ളവര്‍ ഗേറ്റ് പരീക്ഷയില്‍ 350 സ്കോര്‍ നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അബൂദബി ഓഫ് കാമ്ബസ് വെബ്സൈറ്റ് https://abudhabi.iitd.ac.in കാണുക.