നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു
തൃശൂര്‍: വയനാട്ടില്‍നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. വനം വകുപ്പിൻ്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരില്‍ എത്തിച്ചത്.
8.20നാണ് കടുവയെ വാഹനത്തില്‍നിന്നും ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റിയത്. പരിക്കേറ്റ കടുവക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി അറിയിച്ചു.
വയനാട് വാകേരി കൂടല്ലൂരില്‍ കര്‍ഷകനെ കൊന്നുതിന്ന കടുവ തിങ്കളാഴ്ചയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടങ്ങി പത്താംനാളിലാണ് കൂട്ടിലായത്. കടുവ കൂട്ടില്‍ കുടുങ്ങിയത് പ്രദേശവാസികളാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതര്‍ കൂട് അടക്കം ട്രാക്ടറില്‍ കയറ്റി. കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
ഇതിനിടയില്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ വഴിതടഞ്ഞു. പിടികൂടിയ കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യം ഉന്നയിച്ച് ജനം പ്രതിഷേധിച്ചു. സ്ത്രീകളടക്കമുള്ള ജനക്കൂട്ടം വഴി ഉപരോധിച്ചു. സ്ഥലത്തെത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എക്കും കടുവയെ വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായം തന്നെയായിരുന്നു. കൊല്ലാനാവില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞതോടെ സംഘര്‍ഷാന്തരീക്ഷമായി. എം.എല്‍.എ ഉള്‍പ്പെടെ അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആറരയോടെ സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല.
രാത്രി എട്ടരയോടെ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ കടുവയെ വനംവകുപ്പ് കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പ്രജീഷിന്റെ സഹോദരന് ജോലി, കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം, വനാതിര്‍ത്തിയില്‍ കടുവപ്രതിരോധ നടപടികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് സബ് കലക്ടര്‍ ഉറപ്പുകൊടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിക്കുന്നത്.