മഴ തുണച്ചു; വൈദ്യുതി ഉല്‍പാദനത്തില്‍ വൻ വര്‍ധന
പാലക്കാട്: നഷ്ടക്കണക്കുകള്‍ക്കിടയില്‍ കെ.എസ്.ഇ.ബിക്ക് 2000 മില്യണ്‍ യൂനിറ്റിന്റെ (എം.യു) വൈദ്യുതോല്‍പാദന വര്‍ധന.അധിക മഴ കിട്ടിയതിനാലാണ് 2022-23 ല്‍ ഉല്‍പാദനം കൂട്ടാനായതെന്ന് റഗുലേറ്ററി കമീഷൻ അംഗീകാരത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-23 ല്‍ കെ.എസ്.ഇ.ബി പ്രതീക്ഷിത ഉല്‍പാദനമായി റഗുലേറ്ററി കമീഷന് മുമ്ബില്‍ വെച്ചത് 6527.50 മില്യണ്‍ യൂനിറ്റായിരുന്നു.
എന്നാല്‍, കാലയളവ് പൂര്‍ത്തിയായപ്പോള്‍ 8636.520 എം.യു ജലവൈദ്യുതി ഉല്‍പാദിപ്പിക്കാനായി. ഇതില്‍ ഇടുക്കി ഹൈഡ്രോ ഇലക്‌ട്രിക് സബ്സ്റ്റേഷനില്‍ നിന്ന് 3262 എം.യു ഉല്‍പാദനവും ശബരിഗിരിയില്‍ നിന്ന് 1536.42 എം.യു ഉല്‍പാദനവുമുണ്ടായി.
പ്രതീക്ഷിത വരവ്-ചെലവ് കണക്കുകള്‍ കാണിച്ച് റഗുലേറ്ററി കമീഷന് മുമ്ബില്‍ അവതരിപ്പിച്ച കണക്കുകളും യഥാര്‍ഥ വരവ്-ചെലവുകളും അവതരിപ്പിച്ചുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഇതില്‍ 2022-23ല്‍ കെ.എസ്.ഇ.ബിക്ക് 1819.41 കോടി രൂപ നഷ്ടമുണ്ടായതായും വിശദീകരിക്കുന്നു. പ്രതീക്ഷിത ചെലവായ 16038 .87 കോടി രൂപയില്‍ നിന്ന് യഥാര്‍ഥ ചെലവ് 17657 കോടിയായി ഉയര്‍ന്നു. ഇത് നികത്താൻ താരിഫ് വര്‍ധിപ്പിച്ചോ മറ്റോ നഷ്ടക്കണക്ക് വകയിരുത്തി കിട്ടാനുള്ള നടപടികളാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.
അതേസമയം, ഹൈകോടതി സ്റ്റേയുണ്ടായിട്ടും പെൻഷൻ ഫണ്ടിലേക്കുള്ള തിരിച്ചടവ് തുകയായ 407 കോടി ചെലവിനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തുക കമീഷൻ വകയിരുത്താൻ സാധ്യതയില്ല. അങ്ങനെയായാല്‍ നഷ്ടക്കണക്കില്‍ 407 കോടിയുടെ കുറവുണ്ടായേക്കും. മാത്രമല്ല, ഈ തുക കെ.എസ്.ഇ.ബിയുടെ മറ്റ് വരുമാനത്തില്‍ നിന്ന് എടുത്തുനല്‍കേണ്ടി വന്നേക്കുമെന്നും ആശങ്കയുണ്ട്.
കഴിഞ്ഞ ജൂണ്‍ മുതല്‍ താരിഫ് വര്‍ധനയുണ്ടായിട്ടും കെ.എസ്.ഇ.ബി നഷ്ടം കുറഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, വിവാദ പവര്‍ പര്‍ച്ചേസുമായുണ്ടായ നഷ്ടക്കണക്കുകള്‍ കെ.എസ്.ഇ.ബി എടുത്ത് പറഞ്ഞിട്ടുമുണ്ട്.