റോഡരികില്‍ വിതറിയ സാധനം കണ്ട് നാട്ടുകാ‍ര്‍ക്ക് സംശയം, പൊലീസെത്തി കണ്ടത് 2 ലക്ഷത്തിന്റെ ‘മൊതല്’

കണ്ണൂര്‍: തലശ്ശേരി കൊടുവള്ളിയിലെ റോഡരികില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയില്‍. പോലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതെന്നാണ് സൂചന.

സംഭവത്തില്‍ എക്സൈസ് അന്വേഷണം തുടങ്ങി. ദേശീയപാതയില്‍ പൊലീസ് വാഹനപരിശോധന ഉണ്ടെന്നറിഞ്ഞാണ് ലഹരി ഇടപാടുകാര്‍ കഞ്ചാവ് തള്ളിയത്. എട്ടരക്കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിച്ചത് കൊടുവള്ളിയില്‍ ഒരു കാര്‍ വാഷ് സെന്ററിനടുത്ത്. പുല്‍ച്ചെടികള്‍ക്കിടയില്‍ വാരി വിതറിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ എക്സൈസ് സംഘമെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്- ന്യൂ ഇയര്‍ പ്രമാണിച്ച്‌ വില്‍പ്പനയ്ക്കായി കോഴിക്കോട് നിന്ന് എത്തിച്ചതാണെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി.

അതേസമയം, സ്വകാര്യ ബസില്‍ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വൈത്തിരി ചുണ്ടേല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അരുണ്‍ ആന്റണി (32) ആണ് പിടിയിലായത്. എക്സൈസ് കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കര്‍ണാടക ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് അരുണിനെ പിടികൂടിയത്.

250 ഗ്രാം കഞ്ചാവാണ് അരുണ്‍ ആന്റണിയില്‍ നിന്നും കണ്ടെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളെ തുടര്‍നടപടിക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.സി പ്രജീഷ്, എം.സി സനൂപ്, ഡ്രൈവര്‍ കെ.കെ സജീവ് എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.