പൊളിയാണ് ഈ പിങ്ക് ബീറ്റ് ഓഫിസര്‍മാര്‍
കോട്ടയം: ലഹരിക്കടിപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ എട്ടാം ക്ലാസുകാരൻ, ആരോടും പറയാനാകാതെയും എന്തുചെയ്യണമെന്നറിയാതെയും നീറിക്കഴിയുന്ന അമ്മ.ഇവര്‍ക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫിസര്‍മാര്‍ എത്തിയത്.
ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് കൗണ്‍സലിങ്ങും ചികിത്സയും നല്‍കിയതോടെ അമ്മക്ക് ആ മകനെ തിരിച്ചുകിട്ടി. പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അമ്മയും മകനും മാത്രമല്ല ഈ വനിത പൊലീസ് ഉദ്യോഗസ്ഥരും ഏറെ സന്തോഷത്തിലാണ്.
ജനമൈത്രി സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി നിയോഗിക്കപ്പെട്ട പിങ്ക് ബീറ്റ് ഓഫിസര്‍മാരായ മേലുകാവ് സ്റ്റേഷനിലെ എ.എസ്.ഐ. ഉഷ, ചിങ്ങവനം സ്റ്റേഷനിലെ എസ്.സി.പി.ഒ ഷൈലമ്മാള്‍, കോട്ടയം വനിത സ്റ്റേഷനിലെ എസ്.സി.പി.ഒ മിനിമോള്‍, വനിത സെല്ലിലെ സി.പി.ഒ അമ്ബിളി എന്നിവരാണിവര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നും മാനസിക പിന്തുണ നല്‍കിയും ബുള്ളറ്റില്‍ രണ്ടുവര്‍ഷത്തിലേറെയായി വീടുകളില്‍ ഇവരെത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെത്താത്ത പരാതികള്‍ കേട്ട് പരിഹാരം കണ്ടെത്തുകയും ആവശ്യമെങ്കില്‍ കേസെടുപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
ലഹരിക്കടിപ്പെട്ട നിരവധി കുട്ടികളെ ഇവര്‍ക്കു തിരിച്ചുപിടിക്കാനായി. ഉപദേശങ്ങള്‍ക്കപ്പുറം, അവര്‍ക്കൊപ്പവും ആളുണ്ടെന്ന് തോന്നിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഓഫിസര്‍മാര്‍ പറയുന്നു. യൂനിഫോമിലാണെങ്കിലും സ്ത്രീകളായതിനാല്‍ മടിയില്ലാതെ പരാതി പറയാനും അതു മനസ്സിലാക്കാനും ഇരുകൂട്ടര്‍ക്കും കഴിയും. മിക്കവാറും വിഷയങ്ങളില്‍ ബോധവത്കരണം കൊണ്ടും താക്കീതുകൊണ്ടും പ്രശ്നം തീരും. അല്ലാത്തിടങ്ങളിലാണ് കേസെടുക്കേണ്ടി വരുന്നത്. ദിവസം 12 വീടുകള്‍ സന്ദര്‍ശിക്കും. അയല്‍ക്കാര്‍, പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി സംസാരിച്ചും വീടുകളിലെ വിവരങ്ങള്‍ ശേഖരിക്കും. സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലാസുകളെടുക്കുകയും കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ചെയ്യുന്നുണ്ട്. പിങ്ക് ബീറ്റ് ഓഫിസര്‍മാര്‍ക്ക് കിട്ടുന്ന പരാതികള്‍ വനിത പൊലീസ് സ്റ്റേഷനിലേക്കും വനിത സെല്ലിലേക്കും കൈമാറും. നാല് ഓഫിസര്‍മാരാണ് ജില്ലയിലുള്ളത്.
ഇവര്‍ക്കായി രണ്ട് ബുള്ളറ്റും അനുവദിച്ചിട്ടുണ്ട്. നാര്‍കോട്ടിക് ഡിവൈ.എസ്.പി സി. ജോണിനു കീഴിലാണ് പ്രവര്‍ത്തനം. അഡീഷനല്‍ എസ്.പി ബി. സുഗതൻ പദ്ധതിയുടെ നോഡല്‍ ഓഫിസറും നാര്‍കോട്ടിക് സെല്ലിലെ ജനമൈത്രി എസ്.ഐ മാത്യു പോള്‍ അസി. നോഡല്‍ ഓഫിസറുമാണ്. പിങ്ക് ബീറ്റ് ഓഫിസര്‍മാരുടെ വീട് സന്ദര്‍ശനത്തിന്‍റെ ഭാഗമായി മൂന്ന് ഗാര്‍ഹിക പീഡനക്കേസും രണ്ട് പോക്സോ കേസും ഒരു സൈബര്‍ കേസും എടുക്കാനായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ പറയാനും മാനസിക പിന്തുണ നല്‍കാനും പിങ്ക് ബീറ്റ് ഓഫിസര്‍ക്ക് കഴിയുന്നുണ്ടെന്ന് അസി. നോഡല്‍ ഓഫിസര്‍ മാത്യു പോള്‍ പറഞ്ഞു.