16കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 26 വര്‍ഷം കഠിന തടവ്

തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസില്‍ യുവാവിന് 26 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. ആലപ്പുഴ സ്വദേശി എസ്.അരുണിനെ (20) ആണ് തലശ്ശേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി ജഡ്ജി ടിറ്റി വര്‍ഗീസ് ശിക്ഷിച്ചത്. കൂത്തുപറമ്ബ് പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിധി.

ടിക് ടോക് മീറ്റില്‍ പങ്കെടുപ്പിക്കാമെന്നു പറഞ്ഞ് വശീകരിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. 2019 ഒക്ടോബര്‍ 17 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് കേസിനാധാരമായ സംഭവം. എറണാകുളം, തിരുവനന്തപുരം, പേട്ട, നേര്യമംഗലം, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച്‌ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വിവിധ വകുപ്പുകള്‍പ്രകാരമാണ് 26 വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്തപക്ഷം മൂന്നു മാസം അധികതടവ് അനുഭവിക്കണം.സി.ഐ എം.പി. ആസാദാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.