പരിചരിക്കാൻ 5 പേര്‍, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ഗോലുവിന്റെ വില കേട്ടാല്‍ ഞെട്ടും
ഇന്ന് മുതല്‍ 23 വരെ പാറ്റ്നയില്‍ നടക്കുന്ന ബിഹാര്‍ ഡയറി ആൻഡ് കാറ്റില്‍ എക്സ്പോയിലെ മിന്നുംതാരമാണ് ഗോലു-2 എന്ന പോത്ത്.
ഇതിന്റെ ഭാരം 15 ക്വിന്റലാണ്, അതായത് 1500 കിലോ. അത് മാത്രമല്ല അവൻ ഷോയിലെ പ്രധാന ആകര്‍ഷണമാകാൻ കാരണം. ഗോലു ഒരുമാസം സമ്ബാദിക്കുന്നത് എട്ടു ലക്ഷം രൂപയാണ്.
പാനിപ്പത്തില്‍ നിന്നുള്ള നരേന്ദ്ര സിങ്ങെന്ന കര്‍ഷകന്റെയാണ് ഗോലു-2. അസാധാരണമായ ആരോഗ്യവും ശക്തിയും കാരണം പ്രസിദ്ധനാണ് ഗോലു. പേരും പെരുമയും നിലനിര്‍ത്താൻ വേണ്ടി ദിവസം 30 കിലോഗ്രാം പച്ചപ്പുല്ലും കാലിത്തീറ്റയുമാണ് നല്‍കുന്നത്. തീര്‍ന്നില്ല, ഇതിന് പുറമെ 10 കിലോ ആപ്പിളും നല്‍കുന്നു. പ്രതിവര്‍ഷം ഏകദേശം 10,000 എരുമകള്‍ക്ക് ഗര്‍ഭം ധരിക്കാൻ ആവശ്യമായ ബീജവും ഗോലു 2 ഉത്പാദിപ്പിക്കുന്നുവെന്നാണ് ഒരു മുതിര്‍ന്ന വെറ്ററിനറി വിദഗ്ധൻ അഭിപ്രായപ്പെടുന്നത്.
പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ഗോലു-2. അവന്റെ വിപണി മൂല്യം അഞ്ച് വര്‍ഷം മുമ്ബ് പാനിപ്പത്തില്‍ നടന്ന ഒരു കാര്‍ഷിക മേളയില്‍ കണക്കാക്കിയത് 10 കോടി രൂപയായിരുന്നു. അഞ്ച് പേരടങ്ങുന്ന ഒരു സംഘം ഗോലു-2 നെ പരിചരിക്കാനും അവന്റെ സുരക്ഷയ്ക്കും വേണ്ടി 24 മണിക്കൂറും സജ്ജമാണെന്ന് നരേന്ദ്ര സിംഗ് പറയുന്നു. മേളകളിലും മറ്റും സ്റ്റാറായതിനാലും മൂല്യവും കാരണം മോശമല്ലാത്ത ആഡംബര ജീവിതമാണ് ഗോലു നയിക്കുന്നത്.
ദിവസവും ഒരു ലിറ്റര്‍ കടുകെണ്ണ ഉപയോഗിച്ചുള്ള മസാജ് അതില്‍ പെടുന്നതാണ്. ഒപ്പം എയര്‍ കണ്ടീഷൻ ചെയ്ത റൂമിലേക്കും അവന് പ്രവേശനമുണ്ട്. അതുപോലെ ദിവസം നാല് മണിക്കൂര്‍ അവന് ടിവി കാണാനുള്ള അനുവാദമുണ്ട്. അതുപോലെ രാവിലെയും വൈകുന്നേരവും അഞ്ച് കിലോമീറ്റര്‍ നടക്കും. ഡിസംബര്‍ 30 നാണത്രെ ഈ പോത്തിന്റെ പിറന്നാള്‍ ദിനം. അവന്റെ ബീജം ഒരു ഡോസിന് 300 രൂപയാണ് ഈടാക്കുന്നത് എന്നും നരേന്ദ്ര സിംഗ് പറയുന്നു.