സ്കൂള്‍ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചു
കാഞ്ഞങ്ങാട്: സ്കൂള്‍ ബസ്സിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരിക്കേറ്റു.
വ്യാഴാഴ്ച വൈകീട്ട് 3 .30ഓടെ പൊയിനാച്ചി പെട്രോള്‍ പമ്ബിന് സമീപം മൈലാട്ടിയിലാണ് അപകടം. തച്ചങ്ങാട് ഭാഗത്തുനിന്നും പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന ചട്ടഞ്ചാല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന്റെ ബസിനുപിന്നില്‍ ഇതേ ദിശയില്‍നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് ഇടിച്ചത്. പിന്നിലിടിച്ചതിനെ തുടര്‍ന്ന് മുന്നോട്ടു നീങ്ങിയ സ്കൂള്‍ ബസ് തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷക്ക് ഇടിക്കുകയും ചെയ്തു. സ്കൂള്‍ ബസില്‍ 25ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പരീക്ഷ ആയതിനാല്‍ ബസില്‍ കുട്ടികള്‍ കുറവായിരുന്നു.
പിറകുവശത്തെ സീറ്റുകളില്‍ കുട്ടികളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആരുടെയും പരിക്ക് ഗുരുതരമല്ല. മൈലാട്ടിയിലെ ദര്‍ശന ചന്ദ്രൻ (13), പനയാലിലെ കെ. ദേവാംഗ് (13), പനയാലിലെ പി.എ. അല്‍ അമീൻ (13), കുണിയയിലെ ഫിദ ഷെറിൻ (14), അധ്യാപിക കുണിയയിലെ മറിയംബി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ പേരില്‍ മേല്‍പറമ്ബ പൊലീസ് കേസെടുത്തു.