നിര്‍ദിഷ്ട കുറ്റിപ്പുറം-ഗുരുവായൂര്‍ റെയില്‍പാത:പരിഗണനയിലുണ്ടെന്ന് ഡി.ആര്‍.എം
കുറ്റിപ്പുറം: നിര്‍ദിഷ്ട കുറ്റിപ്പുറം -ഗുരുവായൂര്‍ റെയില്‍പാത പരിഗണനയിലുണ്ടെന്നും ഇനി സര്‍ക്കാര്‍തല രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്നും റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി പറഞ്ഞു.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവൃത്തികള്‍ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷൻ വികസനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് കര്‍മപദ്ധതി തയാറാക്കും. തിരൂര്‍ റോഡിലേക്കോ വണ്‍വേ റോഡിലേക്കോ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍നിന്ന് റോഡ് നിര്‍മിക്കുന്നത് സംബന്ധിച്ച് ഉടൻ പ്രവൃത്തി തുടങ്ങാനും നിര്‍ദേശമുണ്ട്.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സമഗ്രവികസന പദ്ധതി 2024 മാര്‍ച്ചിനു മുമ്ബ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഡി.ആര്‍.എം അവലോകന സന്ദര്‍ശനം നടത്തിയത്. വിപുലീകരിച്ച പാര്‍ക്കിങ് ഏരിയകളുടെ നിര്‍മാണവും മുഖ്യകവാടത്തില്‍ നിര്‍മിച്ച റിങ് റോഡ് പദ്ധതിയും യാത്രക്കാര്‍ക്കുള്ള പ്രത്യേക പാത്ത് വേയും ഉള്‍പ്പെടെ ഡി.ആര്‍.എം നയിച്ച ഉന്നതതല സംഘം പരിശോധിച്ചു. പുതുതായി നിര്‍മിച്ച പാര്‍ക്കിങ് ഏരിയയില്‍നിന്ന് പഴയ ഇടവഴി വണ്‍വേ റോഡിലേക്കും റെയില്‍വേ മേല്‍പാലത്തിന് ചുവട്ടിലൂടെ തിരൂര്‍ റോഡിലേക്കും പ്രവേശിക്കാനുള്ള റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ക്കും ഡി.ആര്‍.എം നിര്‍ദേശം നല്‍കി.
നിലവിലെ റെയില്‍വേ റോഡ് വീതികൂട്ടാൻ പഞ്ചായത്ത് ബങ്കുകള്‍ മാറ്റി സ്ഥാപിക്കാൻ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് ബദല്‍ റോഡ് മാര്‍ഗം തേടുന്നത്. കുറ്റിപ്പുറം റെയില്‍വേ പാസഞ്ചേഴ്സ് യൂനിയൻ പ്രതിനിധികളായ കെ.പി. അശോകൻ, എൻ.വി. കുഞ്ഞിമുഹമ്മദ്, നാമ്ബര്‍ പൊറ്റാരത്ത്, പാറക്കല്‍ അബു, തയ്യില്‍ ഹുസൈൻ, വി. ദേവരാജൻ, എ.കെ. ഇഖ്ബാല്‍ തുടങ്ങിയവര്‍ ഡി.ആര്‍.എമ്മിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കി.