സരസിലെ താരമായി തിരുനെല്ലിയുടെ ഗുണ്ടഗെ ചിക്കനും തിമോസും

കൊച്ചി: ദേശീയ സരസ് മേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഭക്ഷ്യമേളയിലെ താരം തിരുനെല്ലിയുടെ ” ഗുണ്ടഗെ ചിക്കനും തിമോസും” തന്നെ.

നിരവധി ആളുകളാണ് ഈ തിരുനെല്ലി സ്പെഷ്യലിന്റെ രുചി നുണയാൻ എത്തുന്നത്. പ്രത്യേക മസാല കൂട്ടുകള്‍ ചേര്‍ത്ത് പൊള്ളിച്ചെടുത്ത ഗുണ്ടഗെ ചിക്കന് കൂട്ടായി പുഴുങ്ങിയ കപ്പയും കാന്താരി ചമ്മന്തിയും ചേര്‍ത്ത് കഴിക്കാം. 220 രൂപയ്ക്ക് ഈ കോമ്ബോ ലഭ്യമാകും.

മേളയുടെ മനം കവര്‍ന്ന മറ്റൊരു പ്രധാനിയാണ് തിരുനെല്ലിയുടെ തനതു രുചികള്‍ ചേര്‍ത്തുണ്ടാക്കിയ തിരുനെല്ലി മോമോസ് എന്ന തിമോസ്. മറ്റു മോമോസുകളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ നാട്ടിലെ സ്വന്തം ഗന്ധകശാല, ചെന്നെല്ല് തുടങ്ങിയ അരി ഇനങ്ങള്‍ ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. ബീഫ്, കൂണ്‍ തുടങ്ങിയ വ്യത്യസ്തയിനങ്ങളിലും സ്പെഷ്യലായി ഇലക്കറികള്‍ ചേര്‍ത്തും മോമോസ് ലഭ്യമാണ്. പുളി, ശര്‍ക്കര, ഈന്തപ്പഴം എന്നിവ ചേര്‍ത്ത് നിര്‍മ്മിക്കുന്ന സ്പെഷ്യല്‍ സോസാണ് തിമോസുകള്‍ക്കൊപ്പം വിളമ്ബുന്നത്. ഒരു പ്ലേറ്റിന് 60 രൂപ നിരക്കില്‍ ലഭ്യമാകും.

തിമോസും ഗുണ്ടഗെ ചിക്കനും കൂടാതെ തിരുനെല്ലി സ്റ്റാളിലെ മറ്റൊരു പ്രത്യേക ഇനമാണ് കാട്ടില്‍ നിന്ന് ശേഖരിച്ച കിഴങ്ങ് കൊണ്ടുണ്ടാക്കിയ പായസം. തിരുനെല്ലി പഞ്ചായത്തില്‍ നിന്ന് എത്തിയ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. ജനുവരി ഒന്നുവരെ സരസിന്റെ വേദിയില്‍ തിരുനെല്ലിയുടെ രുചി വൈവിധ്യ മേള തുടരും.