ഗസ്സ ചര്‍ച്ചില്‍ വയോധികൻ ചികിത്സ കിട്ടാതെ മരിച്ചു

ഗസ്സ: ഇസ്രായേല്‍ സൈന്യം വളഞ്ഞ ഗസ്സയിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. ജെറീസ് സയേഗ് ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ മകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമായ, വാഷിങ്ടണ്‍ ഡിസിയില്‍ താമസിക്കുന്ന ഖലീല്‍ സയേഗാണ് മരണവിവരം പുറത്തുവിട്ടത്. പട്ടിണിക്കിട്ടും വൈദ്യസഹായം നിഷേധിച്ചും സാധാരണക്കാരെ കൊല്ലാക്കൊല ചെയ്യുന്ന ശത്രുവിനെതിരെ പോരാടുന്ന ഗസ്സയിലെ എന്റെ കുടുംബത്തെ കാണുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം എന്ന് ഖലീല്‍ സയേഗ് എക്സില്‍ കുറിച്ചു.

”ക്രിസ്തുവിനെ മാതൃകയായി സ്വീകരിച്ച എന്റെ അച്ഛൻ എല്ലാവരെയും സ്നേഹിക്കാനും ക്ഷമിക്കാനും ജീവിതത്തില്‍ ഒരിക്കലും പ്രതികാരത്തിന് ഇടം നല്‍കാതിരിക്കാനുമാണ് പഠിപ്പിച്ചത്. ഗസ്സയില്‍ ഇസ്രായേല്‍ വംശീയ ഉന്മൂലനം നടത്തുകയാണ്. പ്രദേശം പൂര്‍ണമായും കൈവശപ്പെടുത്താനാണ് അവരുടെ പദ്ധതി. മാനുഷിക ദുരന്തം എത്രത്തോളം കൂടുതല്‍ വഷളാക്കുന്നുവോ അത്രയധികം ആളുകള്‍ അവിടെനിന്ന് പോകാനുള്ള സാധ്യതയുണ്ട്. വടക്കൻ ഗസ്സയില്‍ ഒന്നുപോലും ബാക്കിയാക്കാതെ എല്ലാ ആശുപത്രികളും നശിപ്പിച്ചത് വംശീയ ഉന്മൂലനത്തിനുള്ള തെളിവല്ലാതെ മറ്റെന്താണ്?” -അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം രണ്ട് ക്രിസ്ത്യൻ സ്ത്രീകളെ ഇസ്രായേല്‍ സൈന്യം വെടിവെച്ച്‌ കൊലപ്പെടുത്തിയത് ഇവിടെയാണ്. അന്ന് വെടികൊണ്ട ഏഴുപേരില്‍ ഒരാള്‍ ചികിത്സ ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ സൈന്യം ചര്‍ച്ച്‌ ഉപരോധിക്കുകയാണ്. വീടുകള്‍ തകര്‍ന്ന ഗസ്സയിലെ ക്രൈസ്തവര്‍ അഭയം തേടിയ ഈ പള്ളിയില്‍ 54 അംഗപരിമിതരുമുണ്ട്.

ഹോളി ഫാമിലി ചര്‍ച്ചില്‍ കുടുങ്ങിക്കിടക്കുന്ന തന്റെ ബന്ധുക്കള്‍ മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നതെന്ന് ഫലസ്തീൻ വംശജയും ബ്രിട്ടീഷ് പാര്‍ലമെന്റംഗവുമായ ലൈല മോറൻ പറഞ്ഞു.