കളിച്ചു കൊണ്ടിരിക്കെ തെരുവു നായ ആക്രമിച്ചു; 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച് മരിച്ചു
ചണ്ഡീഗഢിലെ മാനി മജ്റ പ്രദേശത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ, തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച് മരിച്ചു.
നായയുടെ ആക്രമണത്തില്‍ ഭയന്നു പോയ പെണ്‍കുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ വീടിനു സമീപത്താണ് പാര്‍ക്ക്. കുട്ടിയെ കുടുംബാംഗങ്ങള്‍ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജസ്മീത് എന്നാണ് കുട്ടിയുടെ പേര്. വതിക പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. നായ കുരച്ചു കൊണ്ട് തന്റെ നേര്‍ക്കടുത്തത് കണ്ട് കുട്ടി ഭയചകിതയായി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഡിസംബര്‍ 16ന് നടന്നസംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്.
സ്കൂളില്‍ നിന്ന് വന്നശേഷം കുട്ടി പാര്‍ക്കില്‍ കളിക്കാൻ പോയതാണെന്ന് ജസ്മീതിന്റെ കുടുംബം അറിയിച്ചു. കളിച്ചുകൊണ്ടിരിക്കെ തെരുവുനായ അവളുടെ നേര്‍ക്ക് വന്ന് കാലില്‍ പിടികൂടി. തുടര്‍ന്ന് അത്യന്തം ഭയന്നുപോയ പെണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഈ പ്രദേശത്ത് തെരുവുനായ ശല്യം വര്‍ധിക്കുകയാണെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ കണ്ണടക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.