കാല്‍പന്തിനെ ജീവനോളം സ്നേഹിച്ച അതുല്യ പ്രതിഭ; കൊച്ചിയുടെ കറുത്ത മുത്ത് ഇനി ഓര്‍മ്മ
മട്ടാഞ്ചേരി: എന്നും കാല്‍പന്ത് കളിയെ ജീവനോളം സ്നേഹിച്ച അതുല്യ പ്രതിഭയെയാണ് ടി.എ. ജാഫറിലൂടെ നഷ്ടമായത്. വാങ്ങിക്കൂട്ടിയ അംഗീകാരങ്ങളുടെ എണ്ണം മാത്രമല്ല, പുതിയ തലമുറക്കായി നല്‍കിയ സംഭാവനകളുടെ വലുപ്പം കൂടിയാണ് അദ്ദേഹത്തെ മഹാനാക്കുന്നത്.
കളിക്കളത്തില്‍ നിന്ന് വിട വാങ്ങിയപ്പോഴും വളര്‍ന്നുവരുന്ന പുതിയ തലമുറക്ക് വേണ്ടി പരിശീലകന്‍റെ വേഷത്തില്‍ അദ്ദേഹം മുന്നില്‍ നിന്നു. എവിടെയും ആത്മാര്‍ഥതയായിരുന്നു മുഖമുദ്ര.
1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്‍റെ സുവര്‍ണ ജബിലി ദിനമാണ് ഈ വരുന്ന ബുധനാഴ്ച. സന്തോഷ് ട്രോഫി കേരളത്തിന് നേടി കൊടുത്ത താരങ്ങളെ കൊച്ചി കോര്‍പ്പറേഷൻ അന്നേദിവസം ആദരിക്കാൻ തീരുമാനിച്ചിരിക്കയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെങ്കിലും അന്നത്തെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന ടി.എ. ജാഫറിനെയും തേടിയെത്തേണ്ടതാണ് ഈ ആദരവ്. എന്നാല്‍, അതിന് പോലും കാത്തുനില്‍ക്കാതെയാണ് ഈ വിടവാങ്ങല്‍.
ഫുട്ബാളിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ജാഫര്‍. ഗുരുനാഥൻ അബുക്ക എന്ന് നാട്ടുകാര്‍ സ്നേഹപൂര്‍വം വിളിച്ചിരുന്ന യങ്സ്റ്റേഴ്സ് ക്ലബിലെ അബുവാണ് ജാഫറിന്‍റെ കഴിവ് തിരിച്ചറിഞ്ഞത്. കാല്‍പന്തുകളിയില്‍ അടിവെച്ചുകയറിയപ്പോഴും നാട്ടുകാരായ യുവാക്കള്‍ക്ക് ജാഫര്‍ ഒഴിവ് വേളകളില്‍ പരിശീലനം നല്‍കി പോന്നു. പുതുതലമുറയെ ഫുട്ബാള്‍ രംഗത്ത് വളര്‍ത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
1944 ഏപ്രില്‍ 15ന് പരേതരായ അബ്ദുല്‍ അസീസിന്‍റെയും വാവുവിന്‍റെയും മകനായി ജനിച്ച ജാഫര്‍ മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ മെമ്മോറിയല്‍ സ്ക്കൂളിലും എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളജിലുമായിരുന്നു പഠിച്ചത്. പത്താം വയസില്‍ കളി തുടങ്ങി. 1968ല്‍ ഫാക്‌ട് ഫുട്ബോള്‍ ടീമിലൂടെ ആദ്യ ജോലിയില്‍ പ്രവേശിച്ച ശേഷം 2001ലാണ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും വിരമിച്ചത്. വിശ്രമ ജീവിതത്തില്‍ മാത്രമല്ല, ആശുപത്രിയില്‍ കിടക്കയില്‍ കഴിയുമ്ബോള്‍ പോലും ഫുട്ബാളിന്‍റെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ജാഫര്‍ ഫുട്ബാളിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് കൊച്ചി കോര്‍പ്പറേഷൻ കല്‍വത്തിയില്‍ വീട് നിര്‍മിച്ചുനല്‍കി. ഈ വീടിന് നന്ദി എന്നാണ് ജാഫര്‍ പേരിട്ടത്. ഫുട്ബാള്‍ രാജാവ് പെലെക്ക് കറുത്ത മുത്തെന്ന് പേരിട്ടപ്പോള്‍ നാട്ടുകാര്‍ ജാഫറിനെയും അങ്ങനെ വിളിച്ചു. ഫുട്ബാള്‍ പ്രേമികളെ മുഴുവൻ കണ്ണീരിലാഴ്ത്തി ആ കറുത്ത മുത്ത് യാത്രയായി.
വിടവാങ്ങുന്നത് മലയാള ഫുട്ബാളിന്റെ കളിയാശാൻ
കൊച്ചി: 50 വര്‍ഷംമുമ്ബ് ഇതുപോലൊരു ഡിസംബര്‍ മാസത്തില്‍ മഹാരാജാസ് കോളജ് മൈതാനത്ത് റെയില്‍വേസിനെ കീഴടക്കി കേരളം ആദ്യമായി സന്തോഷ് ട്രോഫി മാറോടുചേര്‍ക്കുമ്ബോള്‍ ടീമിന്റെ വിജയശില്‍പികളിലൊരാളും ഉപനായകനുമായിരുന്നു തൊണ്ടിപ്പറമ്ബില്‍ അസീസ് ജാഫര്‍ എന്ന കളിക്കമ്ബക്കാരുടെ സ്വന്തം ‘ജാഫര്‍ക്ക’. അതിന് ഏറെ മുമ്ബുതന്നെ മലയാള ഫുട്ബാളില്‍ സ്വന്തം മുദ്ര പകര്‍ന്നുകഴിഞ്ഞിരുന്ന ഈ ഹാഫ് ബാക്ക് പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ആദ്യം താരമായും പിന്നീട് പരിശീലകനായും മൈതാനങ്ങളില്‍നിന്ന് മൈതാനങ്ങളിലേക്ക് ചുവടുവെച്ചു. ഫുട്ബാള്‍ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി കായികപ്രേമികളുടെ പ്രിയങ്കരനായി മാറിയ ടി.എ. ജാഫര്‍ സ്വന്തമായി കളിച്ചതിലേറെ പിന്മുറയുടെ കളിയാശാനായും കേരളം കീഴടക്കി.
അദ്ദേഹം പരിശീലിപ്പിച്ച കേരള ടീം തുടര്‍ച്ചയായി രണ്ടു തവണയാണ് സന്തോഷ് ട്രോഫി കിരീടജേതാക്കളായത്. കേരളത്തിനു പുറമെ കേരളത്തിലെ മുൻനിര ടീമുകളില്‍ പലതിനും കളിയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കി. നീണ്ടകാലം സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനായും സാന്നിധ്യമറിയിച്ചു.
പലപ്പോഴും അര്‍ഹിക്കുന്ന ആദരങ്ങള്‍ കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിയെങ്കിലും ഒരിക്കല്‍പോലും പരിഭവം പങ്കുവെക്കാത്തതായിരുന്നു ശീലം. ഇടക്കാലത്ത് കേരളത്തില്‍ ഫുട്ബാള്‍ താഴോട്ടുപോകുകയും ദേശീയ സോക്കര്‍ ഭൂപടത്തില്‍ വേരുറക്കാതെയാകുമെന്ന ആധി പടരുകയും ചെയ്തപ്പോള്‍ കളിയെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം മുന്നില്‍നിന്നു. അരനൂറ്റാണ്ട് മുമ്ബ് കേരളം കുറിച്ച മഹാവിജയത്തിന് നാളുകള്‍ ബാക്കിനില്‍ക്കെയാണ് ജീവിതത്തിന്റെ മൈതാനത്ത് അവസാന വിസില്‍ മുഴങ്ങി ജാഫര്‍ മടങ്ങുന്നത്.