നെയ്യാറ്റിൻകരയില്‍ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ താത്കാലിക പാലം തകര്‍ന്നു; 15 ഓളം പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറത്ത് താത്കാലിക പാലം തകര്‍ന്ന് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലമാണ് തകര്‍ന്നത്.രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുറുത്തിവിള ബൈപാസ് ജങ്ഷനില്‍ നടത്തിയ ക്രിസ്മസ് പുല്‍ക്കൂട് മത്സരത്തിന്റെ ഭാഗമായി നിര്‍മിച്ചതായിരുന്നു തടികൊണ്ടുള്ള പാലം.
പ്രദര്‍ശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തില്‍ ആളുകളെ കയറ്റിയിരുന്നു. ഉള്‍ക്കൊള്ളാവുന്നതിലധികം പേര്‍ പാലത്തില്‍ കയറിയപ്പോള്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. അഗ്നിശമനസേനയും പൂവാര്‍ പൊലീസും കാഞ്ഞിരക്കുളം പൊലീസും സ്ഥലത്തെത്തി.