ആക്രമണ ഭീഷണി; അറബിക്കടലില്‍ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു; ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് നാവിക സേന
ന്യൂഡല്‍ഹി: അറബിക്കടലില്‍ വാണിജ്യക്കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ കണക്കിലെടുത്ത് നാവിക സേന മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു.
പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോര്‍മുഗാവോ, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊല്‍ക്കത്ത എന്നിവയാണ് വിന്യസിച്ചതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ഇന്ത്യൻ നാവിക സേനയുടെ സ്ഫോടക വസ്തു നിര്‍മാര്‍ജന സംഘം മുംബൈ തുറമുഖത്ത് എത്തിയ വാണിജ്യക്കപ്പലില്‍ പരിശോധന നടത്തുകയും ചെയ്തു. എംവി ചെം പ്ലൂട്ടോയിലാണ് പരിശോധന നടത്തിയത്. ആക്രമണം നടന്നത് നാവികസേന സ്ഥിരീകരിച്ചു.
കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ശനിയാഴ്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്. ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലില്‍ 21 ഇന്ത്യക്കാരും ഒരു വിയറ്റ്‌നാം പൗരനുമാണ് ഉണ്ടായിരുന്നത്. ന്യൂ മംഗളൂരു തുറമുഖത്തേക്ക് വരുന്ന വഴിയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനിടയില്‍ ചെങ്കടലിലും ഏദൻ ഉള്‍ക്കടലിലും ഇറാൻ പിന്തുണയുള്ള ഹൂതി വിമതര്‍ വിവിധ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിടുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ലൈബീരിയൻ പതാകയുള്ള എം.വി കെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ച ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
20 ഇന്ത്യക്കാരാണ് സൗദിയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപടര്‍ന്നിരുന്നു. എന്നാല്‍ പെട്ടെന്ന് അണക്കാൻ സാധിച്ചത് മൂലം വൻ ദുരന്തം ഒഴിവായി. പല കമ്ബനികളും ആക്രമണം ഭയന്ന് ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്.