കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസര്‍ റിമാൻഡില്‍
തളിപ്പറമ്പ് : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് സപ്ലൈ ഓഫിസര്‍ (ടി.എസ്.ഒ) റിമാൻഡില്‍. തളിപ്പറമ്ബ് താലൂക്ക് സപ്ലൈ ഓഫിസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍ (55) ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
ഇരിക്കൂര്‍ പെരുവളത്തുപറമ്ബ് സ്വദേശിയായ പരാതിക്കാരന് കാറുള്ളതിന്റെ പേരില്‍ ബി.പി.എല്‍ വിഭാഗത്തില്‍നിന്ന് എ.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നും ഇതുവരെ വാങ്ങിയ റേഷൻ സാധനങ്ങള്‍ക്ക് പിഴയായി മൂന്നു ലക്ഷം രൂപ അടക്കണമെന്നും ടി.എസ്.ഒ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിഴ ഒഴിവാക്കാനായി 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 20ന് 10,000 രൂപ നല്‍കിയെങ്കിലും വീണ്ടും തുക ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഓഫിസില്‍ 5000 രൂപ നല്‍കവേയാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം പിടികൂടിയത്. ഇൻസ്പെക്ടര്‍ സുനില്‍കുമാര്‍, എസ്.ഐമാരായ ഗിരീഷ്, ലിജേഷ്, പ്രവീണ്‍, ശ്രീജിത്ത് കോച്ചേരി, സീനിയര്‍ സി.പി.ഒമാരായ സുഗേഷ് കുമാര്‍, ഹൈറേഷ്, വിജിൻ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.