മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര: പിഴയിട്ട് ഫിഷറീസ് വകുപ്പ്
പൊന്നാനി: ഇൻ ബോര്‍ഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മത്സ്യത്തൊഴിലാളികളല്ലാത്തവരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റി കടലില്‍ ഉല്ലാസയാത്ര നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്.
ഖൈറാത്ത് എന്ന ഇൻബോഡ് വള്ളത്തിന്റെ കന്നി യാത്രയിലാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ യാത്ര ചെയ്തത്. കടലില്‍ ഉല്ലാസയാത്ര പോയതിന് ഫിഷറീസ് വകുപ്പ് ഈ ബോട്ട് കസ്റ്റഡിയിലെടുക്കുകയും പിഴയായി രണ്ടു ലക്ഷം രൂപ ഈടാക്കുകയും ചെയ്തു. 280 എച്ച്.പി എൻജിൻ പവര്‍ ഉള്ള ഇൻബോര്‍ഡ് വെള്ളത്തിന് കെ.എം.ആര്‍.എഫ് സെക്ഷൻ പ്രകാരമുള്ള പിഴയാണ് ഈടാക്കിയത്.
അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനും മത്സ്യബന്ധന യാനം ഉല്ലാസയാത്രക്ക് ഉപയോഗിച്ചതിനുമെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു. കൂടാതെ താനൂര്‍ കേന്ദ്രീകരിച്ച് നടത്തിയ കടല്‍ പട്രോളിങ്ങില്‍ കരവലി നടത്തിയ ബോട്ട് കസ്റ്റഡിയില്‍ എടുക്കുകയും അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തുകിട്ടിയ 5100 രൂപ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലത്തില്‍ അടക്കുകയും ചെയ്തു.
വരും നാളുകളില്‍ മറൈൻ എൻഫോഴ്സ്‌മെന്റ് കടല്‍ പട്രോളിങ് ശക്തമാക്കുകയും കെ.എം.എഫ്.ആര്‍ സെക്ഷൻ പ്രകാരം അനധികൃത മത്സ്യബന്ധനം, മത്സ്യബന്ധന യാനത്തില്‍ ഉല്ലാസയാത്രയ്ക്ക് പോകല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബോട്ടുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെ ശക്തമായ നടപടിയെടുക്കുമെന്നും അസി. ഡയറക്ടര്‍ ഓഫ് ഫിഷറീസ് ടി.ആര്‍. രാജേഷ് അറിയിച്ചു. പരിശോധനക്ക് മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് സമീറലി, റസ്ക്യൂ ഗാര്‍ഡുമാരായ ജാഫര്‍, മുസ്തഫ ബാബു, യൂനിസ്, റാസി എന്നിവര്‍ നേതൃത്വം നല്‍കി.