ആളില്ലാ ദ്വീപില്‍ അമാൻഡയുടെ അതിശയജീവിതം…
വാൻകൂവര്‍: താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ആ കാബിനില്‍നിന്ന് രാവിലെ എഴുന്നേറ്റ് പുറത്തേക്കു നോക്കുമ്ബോള്‍ അമാൻഡക്കുമുന്നില്‍ തെളിയുന്ന അതിഥികള്‍ ഒരുപാടുണ്ട്.
കരടികള്‍, കഴുതപ്പുലികള്‍, ചെന്നായകള്‍, പിന്നെ കൂട്ടത്തോടെ മേയുന്ന മാനുകള്‍… നോട്ടം കരകടന്ന് കടലിലെത്തിയാല്‍ വെള്ളത്തില്‍നിന്ന് കുതിച്ചുമറിയുന്ന തിമിംഗലങ്ങളും. രണ്ടു വര്‍ഷമായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഈ ദ്വീപില്‍ അമാൻഡയുടെ ജീവിതം ഈ കാഴ്ചകളാല്‍ നിറഞ്ഞതാണ്. ആ നോട്ടപ്പുറത്ത് പക്ഷേ, മറ്റൊരു മനുഷ്യജീവിയുമില്ലെന്നതാണ് കൗതുകം. കാരണം, ഈ ദ്വീപില്‍ ജീവിക്കുന്ന ഏക വ്യക്തിയാണ് അമാൻഡ.
ദ്വീപിന്‍റെ നോട്ടക്കാരിയെന്ന ജോലിയുമായാണ് അമാൻഡ കടലലകള്‍ കടന്ന് ഈ കരയിലെത്തിയത്. ഏകദേശം 25 വര്‍ഷം മുമ്ബ് പണിത കാബിനിലാണ് ജീവിതം. ഒരു കൊച്ച് അടുക്കള, ഡൈനിങ് ഏരിയ, രണ്ടു ചെറിയ ബെഡ്റൂം… മിണ്ടിപ്പറയാൻ ആരുമില്ലെങ്കിലും ഇവിടെ ജീവിതം മനോഹരമാണെന്ന് അമാൻഡ പറയുന്നു. ശാന്തമായ ജീവിതത്തില്‍ പ്രിയപ്പെട്ട കൂട്ടുകാരനായി വളര്‍ത്തുനായ ‘പീച്ചസ്’ അവരോടൊപ്പം ദ്വീപിലുണ്ട്.
ഒരു നാടോടിയാണ് താനെന്ന് ഈ യുവതി അഭിമാനത്തോടെ പറയും. വാൻകൂവറിലെ ജീവിതം മതിയാക്കിയത് നഗരവാസത്തോടുള്ള മടുപ്പ് തോന്നിത്തുടങ്ങിയപ്പോഴാണ്. പിന്നെ സ്വന്തമായി 28 അടിയുള്ള ഒരു ബോട്ട് വാങ്ങി. ആ സെയില്‍ബോട്ടില്‍ പത്തുവര്‍ഷം ഒഴുക്കിലങ്ങനെ ജീവിച്ചു. അന്ന് ഒപ്പമുണ്ടായിരുന്ന വളര്‍ത്തുനായ ‘ബട്ടര്‍കപ്പ്’ പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ കരയിലേക്കൊരു തിരിച്ചുപോക്ക്.
ജീവിതത്തിന്റെ തിരയിളക്കങ്ങള്‍ വീണ്ടെടുക്കാനായി വീണ്ടും മോഹം. അങ്ങനെ ഫേസ്ബുക്കില്‍ ഇഷ്ടപ്പെട്ട ജോലിക്കുവേണ്ടിയൊരു പരസ്യം. ഒരു ദ്വീപ് മുഴുവൻ നോക്കിനടത്താനുള്ള ഓഫര്‍ ലഭിക്കുന്നത് അതുവഴിയാണ്.
വര്‍ഷത്തില്‍ ഇടയ്ക്ക് പക്ഷേ, ഇവിടെ അതിഥികളെത്തും. അത് ദ്വീപിന്റെ മുതലാളിമാരാണ്. ഒരു മാസത്തോളം ഇവിടെ താമസിച്ച് അവര്‍ മടങ്ങും. അവര്‍ക്ക് താമസിക്കാൻ കൂടുതല്‍ വിശാലമായ സൗകര്യങ്ങള്‍ ദ്വീപില്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ കാണുന്നതിനുപുറമെ അമാൻഡക്ക് മനുഷ്യരുമായുള്ള സഹവാസം ദ്വീപില്‍നിന്ന് പുറത്തുകടക്കുമ്ബോഴാണ്. ദൂരെയുള്ള നഗരത്തിലേക്ക് ഇടയ്ക്ക് സാധനങ്ങള്‍ വാങ്ങാനും ഡോക്ടറെ കാണാനുമൊക്കെ പോകാൻ ദ്വീപിലുള്ള സ്പീഡ്ബോട്ട് ഉപയോഗിക്കും.
മഞ്ഞുപെയ്യുന്ന തണുപ്പുകാലത്ത് വുഡ് സ്റ്റൗവില്‍നിന്ന് ചൂടുതേടും. യന്ത്രങ്ങളുടെ സഹായത്താല്‍ വിറകുകീറുകയും പുല്ലുവെട്ടുകയുമൊക്കെ അമാൻഡയുടെ ജോലിയാണ്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കണക്ഷൻ ലഭ്യമായതിനാല്‍ അധികവരുമാനത്തിന് ഫ്രീലാൻസ് വെബ് ഡിസൈനറെന്ന ജോലിയും നോക്കുന്നു. യൂട്യൂബ്, ടിക്ടോക് അക്കൗണ്ടുകള്‍ വഴി വാൻകൂവറിലെ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്താനായിരുന്നു തീരുമാനം. മൊബൈല്‍ ഫോണിന് ദ്വീപിലെ ചിലയിടങ്ങളില്‍ റേഞ്ച് കിട്ടുമെങ്കിലും അത് ഉപയോഗിക്കാറില്ല. രാവിലെ മൂന്നു മണിക്കൂര്‍ ദ്വീപിലെ തന്റെ ജോലികള്‍ ചെയ്തശേഷം പിന്നീടാണ് വെബ് ഡിസൈനിങ്.
ദ്വീപില്‍നിന്ന് മരങ്ങളൊന്നും വെട്ടാറില്ല. വീണുകിടക്കുന്നതും തിരയിലടിയുന്നതുമായ മരങ്ങള്‍ തന്നെ ഒരുപാടുണ്ടാകുമെന്ന് അമാൻഡ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ കാറ്റടിക്കുന്ന സമയങ്ങളില്‍ ചെറിയ പേടി തോന്നും. കരടികളുടെ ആധിക്യമാണ് ദ്വീപില്‍ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യമെന്ന് അമാൻഡ പറയുന്നു. സൗരോര്‍ജമാണ് വലിയ ആശ്രയം. നാലു ജനറേറ്ററുകള്‍ വരെ ചിലപ്പോള്‍ പ്രവര്‍ത്തിപ്പിക്കും. കിണര്‍ ഉള്ളതിനാല്‍ കുടിവെള്ളം പ്രശ്നമല്ല. ഗ്രീൻഹൗസില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.
ഇവിടെ ഇനിയും വര്‍ഷങ്ങള്‍ താനുണ്ടാകുമെന്നാണ് അമാൻഡയുടെ പക്ഷം. ‘ഇവിടുത്തെ ജീവിതം ഞാൻ അത്രയേറെ ആസ്വദിക്കുന്നുണ്ട്. സന്തോഷത്തിന് കൂടുതലായി ഒന്നും വേണ്ടതില്ലെന്ന് ദ്വീപിലെ ജീവിതം എന്നെ പഠിപ്പിച്ചു. ഈ ഏകാന്തത ഞാൻ ഇഷ്ടപ്പെടുന്നു. അത്രയേറെ സമാധാനവും ശാന്തതയും നിറഞ്ഞതാണിത്. എന്റെ ബോട്ടില്‍ ഇവിടെയൊക്കെ ചുറ്റിക്കറങ്ങി എല്ലാം കാണണം. കാരണം, ഏറെ മനോഹരമായ പ്രദേശമാണിത്’ -അമാൻഡ പറയുന്നു.
ദ്വീപിലെ അമാൻഡയുടെ ജീവിതം ഒരു യൂട്യൂബ് ചാനല്‍ പകര്‍ത്തിയിട്ടുണ്ട്. 13 മിനിറ്റിലേറെ നീളുന്ന ഡോക്യുമെന്ററി അല്‍പദിവസത്തിനകം രണ്ടര ലക്ഷത്തോളം പേര്‍ കണ്ടിട്ടുണ്ട്.