ജില്ലയിലെ ഉയരം കൂടിയ പാപ്പാഞ്ഞിയുമായി പുതുവത്സര ആഘോഷത്തിന് ചാലക്കുടി

ചാലക്കുടി: പുതുവര്‍ഷത്തെ വരവേല്‍ക്കാൻ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പാപ്പാഞ്ഞിയെ 50 അടി ഉയരത്തില്‍ അണിയിച്ചൊരുക്കി ജില്ലയിലെ വിപുലമായ ന്യൂ ഇയര്‍ ആഘോഷത്തിന് ചാലക്കുടി തയാറായി.

ചാലക്കുടി ജെ.സി.ഐ നഗരസഭയുമായി സഹകരിച്ചാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ദേശീയപാതയോരത്തെ ബോയ്‌സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ 31ന് വൈകീട്ട് ആറ് മുതല്‍ 12 വരെ ആണ് ഇതോടനുബന്ധിച്ച പരിപാടികള്‍ നടക്കുന്നത്.

സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ വൈകീട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. 40,000 വാട്ട്സില്‍ ഒരുക്കുന്ന ഡിജെ പ്രോഗ്രാം, ഡാൻസ്, വയലിൻ ആൻഡ് കീബോര്‍ഡ് ഷോ എന്നിവയാണ് പ്രധാന പരിപാടികള്‍. കുടുംബങ്ങള്‍ക്കായി പ്രത്യേകം വി.ഐ.പി.സോണ്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയുമുണ്ടാകും. ലഹരിക്കെതിരായ ബോധവത്കരണം പരിപാടിയില്‍ ഉയര്‍ത്തി കാണിക്കും.

12ന് പപ്പാഞ്ഞിക്ക് തീ കൊളുത്തുന്നതോടെ പരിപാടികള്‍ അവസാനിക്കും. ഗ്രൗണ്ടിലേക്കുള്ള പ്രവേശനം സൗജനമായിരിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ മുൻ പ്രസിഡന്റ് അഡ്വ. സുനില്‍ ജോസ്, സെക്രട്ടറി വിനു പ്രദീപ്, ട്രഷറര്‍ ഡയറ്റ്സ് ഡേവിസ്, പ്രോഗ്രാം ഡയറക്ടര്‍ ആന്റണി പാത്താടൻ എന്നിവര്‍ അറിയിച്ചു.