ഇസ്രായേല്‍ തട്ടിക്കൊണ്ടു പോയ ഫലസ്തീൻ പെണ്‍കുട്ടിയെ ഉടൻ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം
ഗസ്സ: ഗസ്സയില്‍ നിന്ന് ഫലസ്തീൻ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈനികൻ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്.
ഇസ്രായേല്‍ സൈനികൻ ഫലസ്തീൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
അധിനിവേശ സൈന്യം സിവിലിയന്മാര്‍ക്കെതിരെ നടത്തുന്ന ക്രൂര കുറ്റകൃത്യങ്ങളുടെ തെളിവാണിത്. പെണ്‍കുട്ടിയെ ഉടൻ തന്നെ ഫലസ്തീൻ നാഷണല്‍ അതോറിറ്റിക്ക് കൈമാറാൻ ഇസ്രായേലിനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ ഇസ്രായേലിലേക്ക് കൊണ്ടു പോയതായി ക്യാപ്റ്റൻ ഹരേല്‍ ഇറ്റാച്ചിന്‍റെ സഹപ്രവര്‍ത്തകൻ ഷാച്ചര്‍ മെൻഡല്‍സനാണ് ഇസ്രായേല്‍ ആര്‍മി റേഡിയോയെ അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നും സൈനികൻ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 22ന് യുദ്ധത്തില്‍ ഹരേല്‍ ഇറ്റാച്ച് കൊല്ലപ്പെട്ടതിനാല്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കുറിച്ചും എവിടെയാണെന്നുമുള്ള വിവരങ്ങള്‍ അജ്ഞാതമായി തുടരുകയാണ്. സംഭവം വിവാദമായതോടെ കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ട്വീറ്റ് ഇസ്രായേല്‍ ആര്‍മി റേഡിയോ നീക്കം ചെയ്തു.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീൻ പൗരന്മാരുടെ എണ്ണം 22,185ലേക്ക് ഉയര്‍ന്നു. 57,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ 15 ആക്രമണങ്ങള്‍ ഗസ്സയില്‍ നടത്തിയതായും 207 പേര്‍ കൊല്ലപ്പെട്ടതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 338 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് അധിനിവേശ വെസ്റ്റ് ബാങ്കില്‍ 320 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. 3,800 പേര്‍ക്ക് പരിക്കേറ്റു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മാത്രം 4,156 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 381 സ്കൂളുകള്‍ പൂര്‍ണമായോ ഭാഗികമായോ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. അതേസമയം, ഇസ്രായേല്‍ കരസേനക്കെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയില്‍ 173 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടു.