ചന്ദ്രനിലേക്ക് കുതിക്കും, ഡസൻ വാഹനങ്ങള്‍

2024നെ ചാന്ദ്രവര്‍ഷമെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. അത്രയധികം ചാന്ദ്രദൗത്യങ്ങള്‍ക്കാണ് ശാസ്ത്രലോകം തയാറെടുക്കുന്നത്.

ചുരുങ്ങിയത് 12 ചാന്ദ്രവാഹനങ്ങളെങ്കിലും നടപ്പുവര്‍ഷത്തില്‍ ചന്ദ്രോപരിതലത്തില്‍ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രപരീക്ഷണങ്ങള്‍ക്ക് ഭൂമിയുടെ ഉപഗ്രഹം വേദിയാകുന്നത്.

ജനുവരി എട്ടിന് നാസയുടെ പെരിജീൻ മിഷൻ വണ്‍ കുതിച്ചുയരുന്നതോടെ, ചാന്ദ്ര മാരത്തണിന് തുടക്കമാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് പദ്ധതിക്ക് പെരിജീൻ മിഷൻ മുതല്‍ക്കൂട്ടായേക്കും. ജര്‍മനി, മെക്സികോ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് പെരിജീൻ.

സ്വകാര്യ കമ്ബനിയായ ഇന്റ്യൂറ്റീവ് മെക്കാനിക്സിന്റെ ‘നോവ’ ദൗത്യങ്ങള്‍ക്കും ഈ വര്‍ഷം തുടക്കമാകും. ആറ് മാസത്തിനുള്ളില്‍ നോവയുടെ മൂന്ന് ലാൻഡറുകള്‍ ചാന്ദ്ര ഉപരിതലത്തിലെത്തും. നമ്മുടെ ചാന്ദ്രയാൻ 3യെപ്പോലെ, ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് നോവ വാഹനങ്ങള്‍ ഇറങ്ങുക.

ചൈനയുടെ ഷാങെ-6 ആണ് മറ്റൊരു വാഹനം. മേയ് മാസത്തില്‍ പുറപ്പെടുന്ന ഈ റോബോട്ടിക് വാഹനം, ചന്ദ്രനില്‍നിന്ന് മണ്ണും കല്ലും ശേഖരിച്ചായിരിക്കും ഭൂമിയിലേക്ക് മടങ്ങിയെത്തുക. നാസയുടെ തന്നെ ‘വൈപര്‍’, ജപ്പാന്റെ ‘ഡെസ്റ്റിനി’ തുടങ്ങിയവയും ഈ വര്‍ഷം ചന്ദ്രനില്‍ കാലുകുത്തും.