കണക്കെടുപ്പ് പൂര്‍ത്തിയായി; വയനാട് ജില്ലയില്‍ 121 കഴുകന്മാര്‍

സുല്‍ത്താൻബത്തേരി: വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ കഴുകന്മാരുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.

ആകെ121 കഴുകന്മാര്‍ ഉണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ചുട്ടി കഴുകൻ, കാതില കഴുകൻ, ഇന്ത്യൻ കഴുകൻ എന്നീ ഇനങ്ങളില്‍പെട്ടതാണ് കണ്ടെത്തിയവയില്‍ കൂടുതലും. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട് വനംവകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് രണ്ടാമത് കഴുകൻ സര്‍വേ നടത്തിയത്.

ജില്ലയിലെ മൂന്ന് ഡിവിഷനുകളെ 18 ക്യാമ്ബുകളായി തിരിച്ചായിരുന്നു നിരീക്ഷണം. ഓരോ ക്യാമ്ബിനും ഒരു മുഖ്യകേന്ദ്രവും നാല് നിരീക്ഷണ സെഷനുകളുമായാണ് സര്‍വേ നടത്തിയത്. എല്ലാ ക്യാമ്ബുകള്‍ക്ക് കീഴിലും കഴുകനെ കണ്ടെത്തി എന്ന പ്രത്യേകത ഇത്തവണത്തെ സര്‍വേക്കുണ്ട്. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട ദൊഡ്ഡക്കുളശിയിലാണ് ഏറ്റവും കൂടുതല്‍ കഴുകന്മാരെ കണ്ടെത്തിയത്. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചക്ക് ഒന്നു മുതല്‍ മൂന്നുവരെയുമായിരുന്നു നിരീക്ഷണം. കേരള ഫോറസ്റ്റ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് സര്‍വകലാശാല, കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയൻസ് സര്‍വകലാശാല, സര്‍ സയ്യിദ് കോളജ് തളിപ്പറമ്ബ്, കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളജ്, ആരണ്യകം നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവര്‍ കഴുകൻ നിരീക്ഷണത്തില്‍ പങ്കെടുത്തു.

വിവിധ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത 65 പേരാണ് സര്‍വേയില്‍ പങ്കാളികളായത്. ഇവരോടൊപ്പം 40 വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പാലക്കാട്) പി. മുഹമ്മദ് ഷബാബ് സര്‍വേ ഉദ്ഘാടനം ചെയ്തു. വയനാട് വൈല്‍ഡ്‌ലൈ ലൈഫ് വാര്‍ഡൻ ജി. ദിനേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പക്ഷി ശാസ്ത്രജ്ഞൻ സത്യൻ മേപ്പയ്യൂര്‍ റാപ്റ്റര്‍ ഐഡന്റിഫിക്കേഷനെക്കുറിച്ച്‌ ക്ലാസെടുത്തു.

വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷൻ കണ്‍സര്‍വേഷൻ ബയോളജിസ്റ്റ് ഒ. വിഷ്ണു, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം എന്നിവര്‍ സംസാരിച്ചു.