കോടിക്കിലുക്കത്തില്‍ KL7
കൊച്ചി: വാഹനങ്ങളുടെ രജിസ്ട്രേഷൻ, വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ, നികുതി, പെര്‍മിറ്റ് തുടങ്ങിയ പലതരം സേവനങ്ങളില്‍ നിന്നായി 2023ല്‍ മാത്രം എറണാകുളം ആര്‍.ടി ഓഫിസ് വരുമാനമുണ്ടാക്കിയത് 368 കോടി.
സംസ്ഥാനത്ത് വരുമാനത്തില്‍ ഒന്നാമനാണ് കെ.എല്‍ 07 എന്ന കോഡിലുള്ള എറണാകുളം ആര്‍.ടി ഓഫിസ്. ഇക്കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്തത് 25,084 വാഹനങ്ങളാണ്.
സിനിമ താരങ്ങളും ബിസിനസുകാരുമുള്‍പ്പെടെ ഉന്നതരും പ്രമുഖരും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും മറ്റു സേവനങ്ങള്‍ക്കുമായി ആശ്രയിക്കുന്നതും ഇതേ ഓഫിസിനെയാണ്. വരുമാനത്തിലെ സിംഹഭാഗവും മോട്ടോര്‍വാഹന നികുതിയിലൂടെ ലഭിച്ചതാണ്. 336 കോടി രൂപയാണ് ഈയിനത്തില്‍ സംസ്ഥാന ഖജനാവിലേക്കെത്തിച്ചത്.
സംസ്ഥാനത്തെ കൂടുതല്‍ വരുമാനമുള്ള രണ്ടാമത്തെ ആര്‍.ടി ഓഫിസ് കെ.എല്‍-01 എന്നറിയപ്പെടുന്ന തിരുവനന്തപുരമാണ് -കഴിഞ്ഞവര്‍ഷം 278 കോടിയായിരുന്നു വരുമാനം. 173 കോടി രൂപയുമായി കോഴിക്കോടാണ് (കെ.എല്‍-11) മൂന്നാമത്.
ജില്ലയില്‍ എറണാകുളം കൂടാതെ മൂവാറ്റുപുഴ ആര്‍.ടി ഓഫിസ് കൂടിയുണ്ട്. ഇവിടത്തെ 2023ലെ വരുമാനം 96 കോടിയാണ്. ഇതുകൂടാതെ ആലുവ, അങ്കമാലി, കോതമംഗലം, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, പെരുമ്ബാവൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സബ് ആര്‍.ടി ഓഫിസുകളിലെ വരുമാനവും ശതകോടികള്‍ വരും.
എറണാകുളം ഓഫിസിനുകീഴില്‍ കഴിഞ്ഞ വര്‍ഷം 17,259 പെര്‍മിറ്റുകളാണ് നല്‍കിയത്. 3,21,106 സാമ്ബത്തിക ഇടപാടുകളിലൂടെയാണ് എറണാകുളം ആര്‍.ടി ഓഫിസ് 368 കോടിയെന്ന ഉയര്‍ന്ന വരുമാനം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റെക്കോഡ് വരുമാനം ഇതേ ഓഫിസിലൂടെ സര്‍ക്കാറിന് ലഭിച്ചത് -41.34 കോടിയായിരുന്നു ഇത്. 22.93 കോടി രൂപ ലഭിച്ച ഫെബ്രുവരിയിലാണ് കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയത്.
വാഹനങ്ങളിലെ പരസ്യം, രൂപമാറ്റം വരുത്തല്‍, സര്‍വിസ് ചാര്‍ജ്, ഫിറ്റ്നസ്, ആര്‍.സി, ലൈസൻസ്, പെര്‍മിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ട്രേഡ് സര്‍ട്ടിഫിക്കറ്റ്, എൻ.ഒ.സി, പോസ്റ്റല്‍ ചാര്‍ജ്, ഇൻസ്പെക്ഷൻ ഫീ, വാഹനലേലം, റവന്യൂ റിക്കവറി തുടങ്ങിയ ഇനങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് വരുമാനമുണ്ടാക്കുന്നത്.