കെ.എസ്.ഇ.ബി ഫ്യൂസ് ഊരി; ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടില്‍
ആറ്റിങ്ങല്‍: കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടിലായി. നഗരസഭ അധ്യക്ഷയുടെ ദ്രുതഗതിയിലുള്ള ഇടപെടലില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
ആറ്റിങ്ങല്‍ നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കുടിശ്ശിക കൊടുക്കുന്നതില്‍ കാലതാമസം വന്നതിനാല്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഫ്യൂസ് ഊരുകകയായിരുന്നു.
വൈകുന്നേരം സ്റ്റാൻഡ് ഇരുട്ടിലായതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് മുനിസിപ്പല്‍ ബസ് സ്റ്റാൻഡ്. രാത്രി ഇരുട്ടിലായതോടെ സ്ത്രീകളും വിദ്യാര്‍ഥിനികളും പ്രായമേറിയ യാത്രക്കാരും ഉള്‍പ്പെടെ പ്രയാസപ്പെട്ടു. ബസുകളില്‍ നിന്നും കപ്പലണ്ടി കച്ചവടക്കാരുടെ റാന്തല്‍ വെളിച്ചവും മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ അധ്യക്ഷ എസ്. കുമാരി സ്റ്റാൻഡിലെത്തി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. വൈകീട്ട് ഏഴോടെ വീണ്ടും പ്രകാശമെത്തി.
വൈദ്യുതി നിരക്ക് കൊടുക്കുന്നതില്‍ നഗരസഭ ചെക്ക് തയാറാക്കിയെന്നും കൈമാറുന്നതിലുണ്ടായ കാലതാമസമാണ് ഉണ്ടായതെന്നും അധ്യക്ഷ പറഞ്ഞു.