കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിന് തൊട്ടടുത്ത് ഇന്ത്യൻ നാവികസേന; എന്തിനും തയ്യാറായി മാര്‍കോസ്

കൊച്ചി: അറബിക്കടലില്‍ അഞ്ചംഗ സംഘം റാഞ്ചിയ ചരക്ക് കപ്പലിന് അടുത്ത് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎൻഎസ് ചെന്നൈ എത്തി.

സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പലാണ് റാഞ്ചിയത്. ഐഎൻഎസ് ചെന്നൈ കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പല്‍ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നല്‍കി. കപ്പലിലെ ഇന്ത്യാക്കാരായ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് നാവികസേന പറയുന്നു. നാവികസേനയുടെ മറൈൻ കമ്മാന്റോസ് ഏത് നീക്കത്തിനും തയ്യാറായി ഇരിക്കുകയാണെന്നും നാവികസേന അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. കപ്പല്‍ റാഞ്ചിയവരെ നേരിടാനുള്ള നീക്കങ്ങള്‍ തുടങ്ങി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.