മേലൂരില്‍ വന്യമൃഗ ശല്യം രൂക്ഷം; 200 കോഴികളെ കൊന്നു
ചാലക്കുടി: മേലൂര്‍ പഞ്ചായത്തില്‍ വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടി നാട്ടുകാര്‍. കഴിഞ്ഞ ദിവസം കൂവക്കാട്ടുകുന്ന് പോളി മേച്ചേരിയുടെയും സമീപത്തെ വീടുകളിലേയും വളര്‍ത്തു കോഴികളെ കുറുക്കന്മാര്‍ കഴിഞ്ഞ ദിവസം കൊന്നു.200 ഇറച്ചി കോഴികളെയാണ് രാത്രി കുറുക്കന്മാര്‍ കൊന്നത്.
25 ദിവസം പ്രായമായ കോഴികളായിരുന്നു. രാവിലെ ഫാമിലെത്തിയ പോളി മൂന്ന് കുറുക്കന്മാര്‍ ഫാമില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടു. കൂട്ടിലും പരിസരത്തുമായാണ് കോഴികളെ കൊന്നിട്ടത്. 15 ദിവസം കൂടി കഴിഞ്ഞാല്‍ വില്‍പ്പനക്ക് കൊണ്ടുപോകേണ്ടവയായിരുന്നു ഇവ.
25 വര്‍ഷമായി കൂവക്കാട്ട് കുന്നില്‍ ഫാം നടത്തി വരികയാണ് പോളി. സമീപ വീടുകളിലും വളര്‍ത്തു കോഴികളെ കൊന്നിട്ടിട്ടുണ്ട്.
ഈയിടെയായി മേലൂരില്‍ വന്യമൃഗ ശല്യം കൂടി വരുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. കാട്ടുപോത്ത്, കാട്ടുപന്നി, കുറുക്കൻ, മരപ്പട്ടി, കാട്ടുപൂച്ച തുടങ്ങിയ ജീവികളെ കാണാറുണ്ടെന്നും കൃഷിക്ക് നാശം വരുത്തുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു. പഞ്ചായത്തിന്‍റെ ഒരു ഭാഗം വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പ്രദേശത്ത് പുലി കിണറ്റില്‍ വീണിരുന്നു. വര്‍ധിച്ചു വരുന്ന വന്യമൃഗശല്യത്തിനെതിരെ നടപടിയെടുക്കണമെന്നും അവ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.