അറബനയാണ് ഹനീഫക്കെല്ലാം; ഇപ്പോള്‍ മകനും

പാലക്കാട് ചളവറ സ്വദേശി ഹനീഫ പുലാക്കലിന് കലയും ജീവിതവും അന്നവുമെല്ലാം അറബനയാണ്. കലോത്സവ വേദികളിലെല്ലാം പാലക്കാട്ടെ അറബന ടീമുകള്‍ക്കൊപ്പം ഹനീഫയെയും കാണാം.

താൻ പഠിച്ച സ്കൂളിലെ കുട്ടികളെ അറബന മുട്ടാൻ പരിശീലിപ്പിച്ചാണ് വേദികളിലെത്തിയിരുന്നത്. ഇത്തവണയും സ്വന്തം ടീമുമായി കൊല്ലത്തുണ്ട്. ആ സംഘത്തില്‍ മകൻ അഷ്ഫാഖും അംഗമാണെന്നുള്ളതാണ് ഹനീഫയുടെ ഇരട്ടി സന്തോഷം.

കല്യാണങ്ങള്‍ക്കും പള്ളിയിലെ പരിപാടിക്കുമെല്ലാം അറബനമുട്ടില്‍ ഹനീഫ സജീവസാന്നിധ്യമായിരുന്നു. സ്കൂളില്‍ പഠിക്കുമ്ബോള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകാത്തതിന്‍റെ വിഷമം ഇപ്പോഴുമുണ്ട്. അതെല്ലാം പുതുതലമുറയെ പരിശീലിപ്പിച്ചാണ് വിഷമം മറക്കുന്നത്. 16 വര്‍ഷമായി അറബനമുട്ട് സംഘവുമായി സ്കൂള്‍ കലോത്സവങ്ങള്‍ക്കെത്തുന്നു. കൊല്ലം കലോത്സവത്തില്‍ ഹനീഫയുടെ ശിക്ഷണത്തില്‍ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്. എച്ച്‌.എസ് വിഭാഗം, എച്ച്‌.എസ്.എസ് വിഭാഗം, എച്ച്‌.എസ്.എസ് വിഭാഗത്തില്‍ അപ്പീലുമായി വന്ന ടീമുകളാണ് ഇവര്‍. അറബനയും ദഫും വീട്ടിലിരുന്ന് നിര്‍മിച്ച്‌ വില്‍ക്കുകയും ചെയ്യുന്നുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ മാപ്പിളകലകളിലെ വജ്രജൂബിലി ഫെലോഷിപ്പും 2023ല്‍ ഹനീഫ നേടിയിട്ടുണ്ട്. വര്‍ഷങ്ങളായി കല തന്നെയായിരുന്നു ഉപജീവന മാര്‍ഗമെങ്കില്‍ കോവിഡ് കാലത്ത് അതിന് തിരിച്ചടി നേരിട്ടു. അതോടെ, മറ്റ് ജോലി അന്വേഷിക്കേണ്ടിവന്നു. ഇപ്പോള്‍ സ്വകാര്യ കമ്ബനിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവാണ്.