ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ മാസ്റ്റര്‍ പ്ലാനുകള്‍ക്ക് രൂപരേഖയായി

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരളയോട് അനുബന്ധിച്ചുള്ള ജില്ലാ സമ്മിറ്റുകള്‍ പൂര്‍ത്തിയായി.അന്താരാഷ്ട്ര സമ്മിറ്റിന്റെ മാതൃകയില്‍ വിപുലമായ പങ്കാളിത്തത്തോടെയാണ് ജില്ലാ സമ്മിറ്റുകള്‍ സംഘടിപ്പിച്ചത്.

എം.എല്‍.എമാര്‍, എം.പിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത്, മുൻസിപ്പല്‍ ഭരണസമിതി അംഗങ്ങള്‍, വ്യത്യസ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തം എല്ലാ ജില്ലാ സമ്മിറ്റുകളിലും ഉറപ്പാക്കിയിരുന്നു. കായിക രംഗത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍, സാമൂഹ്യ, സന്നദ്ധ സംഘടനകള്‍, വ്യാപാര വാണിജ്യ സംഘടനകള്‍ തുടങ്ങിയവരും ജില്ലാ സമ്മിറ്റുകളുടെ ഭാഗമായി.

ജില്ലാ തല കായിക പദ്ധതികളുടെ ആസൂത്രണമാണ് മുഖ്യമായും സമ്മേളനങ്ങളില്‍ നടന്നത്. അന്താരാഷ്ട്ര സമ്മിറ്റില്‍ അവതരിപ്പിക്കാനുള്ള മാസ്റ്റര്‍പ്ലാനിന്റെ കരട് രൂപം ജില്ലാ സമ്മിറ്റുകളില്‍ തയാറാക്കി. 200 ല്‍ അധികം പദ്ധതി നിര്‍ദേശങ്ങളും,100 ഓളം സ്കീമുകളും ജില്ലാ സമ്മിറ്റുകളില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്, പഞ്ചായത്ത്, മുൻസിപ്പല്‍ സമ്മിറ്റുകളില്‍ നിന്നുള്ള പദ്ധതികള്‍ കൂടി ചേര്‍ത്ത് ഇവ വിപുലീകരിക്കും. തുടര്‍ന്ന് ജില്ലകളുടെ സമഗ്രമായ മാസ്റ്റര്‍ പ്ലാൻ തയാറാക്കി അന്താരാഷ്ട്ര സമ്മിറ്റില്‍ അവതരിപ്പിക്കും.

പഞ്ചായത്ത്, മുൻസിപ്പല്‍ സമ്മിറ്റുകള്‍ നടന്ന് വരികയാണ്. 300 ല്‍ കൂടുതല്‍ സമ്മിറ്റുകള്‍ പൂര്‍ത്തിയായി. 20 ന് മുൻപായി മുഴുവൻ മൈക്രോ സമ്മിറ്റുകളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കൗണ്‍സിലുകളും, പഞ്ചായത്ത്, മുൻസിപ്പല്‍ സ്പോര്‍ട്സ് കൗണ്‍സിലുകളും തയാറാക്കുന്ന പദ്ധതികള്‍ പങ്കാളിത്ത സ്വഭാവത്തില്‍ നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.