മൈലപ്രയിലെ വ്യാപാരിയുടെ വധം: തമിഴ്‌നാട് സ്വദേശികള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: മൈലപ്രയിലെ വയോധികനായ വ്യാപാരി പുതുവല്‍ സ്‌റ്റോഴ്‌സ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ (75) കൊലപ്പെടുത്തി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അടക്കം നാലു പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു പ്രതി ഒളിവിലാണ്. ഓട്ടോ ഡ്രൈവര്‍ പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേല്‍ വീട്ടില്‍ ക്വാര്‍ട്ടര്‍, ആരിഫ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹരീബ് (38), തെങ്കാശി സ്വദേശി മുരുകന്‍ (മദ്രാസ് മുരുകന്‍ -42), മധുരൈ മുനിച്ചലാല്‍ സിന്താമണി ചിന്നഅനുപ്പനാടി കാമരാജര്‍ സ്ട്രീറ്റില്‍ വീട്ടുനമ്ബര്‍ 2/119 ല്‍ എം. സുബ്രഹ്മണ്യന്‍ (ബാലസുബ്രഹ്മണി – 24), പത്തനംതിട്ട വലഞ്ചുഴി ജമീല മന്‍സിലില്‍ നിയാസ് അമാന്‍ (33) എന്നിവരാണ് അറസ്റ്റിലായത്. നാലാം പ്രതി ഡോണ്‍ എന്ന് വിളിക്കുന്ന തെങ്കാശി സ്വദേശി മുത്തുകുമാര്‍ ഒളിവിലാണ്.
തമിഴ്നാട് സ്വദേശികളെ തെങ്കാശി അയ്യാപുരത്ത് മാവിന്‍തോട്ടത്തില്‍ നിന്നും മറ്റു രണ്ടുപേരെ പത്തനംതിട്ടയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ഡിസംബര്‍ 30 ന് വൈകിട്ട് ആറിനാണ് ജോര്‍ജ് ഉണ്ണൂണ്ണിയെ കടയിലെ മുറിയില്‍ ബന്ധനസ്ഥനായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കസേരയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട് വായില്‍ തുണി തിരുകിയിരുന്നു. സ്വര്‍ണമാലയും പണവും അപഹരിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. തമിഴ്നാട് സ്വദേശികളായ മൂവരും ചേര്‍ന്നാണ് വ്യാപാരിയെ കൊലപ്പെടുത്തിയത്. ഹരീബിന്റെ ഓട്ടോയിലാണ് പ്രതികള്‍ കൃത്യത്തിന് എത്തിയത്. മുമ്ബ് സ്പിരിറ്റ് കേസില്‍പ്പെട്ട് തെങ്കാശിയിലെ പാളയംകോട് ജയിലില്‍ കഴിഞ്ഞപ്പോഴാണ് ഹരീബ്, മറ്റൊരു പ്രതിയായ മുരുകനുമായി പരിചയത്തിലാവുന്നത്. നിയാസാണ് മോഷ്ടിച്ച മാല കടയില്‍ കൊണ്ടുപോയി വിറ്റത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ രണ്ടു തമിഴ്‌നാട് സ്വദേശികളും കൊടുംക്രിമിനലുകളാണെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുരുകന്‍ 1996 ല്‍ കുറ്റാലം കാണാന്‍ വന്ന ജര്‍മന്‍ വനിതയെ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയ ശേഷം ബലാല്‍സംഗം ചെയ്തത് അടക്കം ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കൊടും ക്രിമിനലുകളെ മൈലപ്രയിലേക്ക് എത്തിച്ചത് ഹരീബ്
ഓട്ടോഡ്രൈവറായ ഹരീബാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കൃത്യം നടത്തുന്നതിനായി മുരുകന്‍, ബാലസുബ്രഹ്മണി, മുത്തുകുമാര്‍ എന്നിവരെ വിളിച്ചു വരുത്തുകയായിരുന്നു. തെങ്കാശിയില്‍ നിന്ന് ബസില്‍ വന്നിറങ്ങിയ പ്രതികളെ ഹരീബ് ഓട്ടോറിക്ഷയില്‍ മൈലപ്രയിലേക്ക് വിളിച്ചു കൊണ്ടു വന്നു. മൂവരെയും കടയില്‍ കയറ്റി വിട്ടതിന് ശേഷം ഹരീബ് ഓട്ടോറിക്ഷയില്‍ കാത്തിരുന്നു. കയര്‍ വാങ്ങാനെന്ന വ്യാജേനെ കടയില്‍ കയറിയ പ്രതികള്‍ ജോര്‍ജിനെ ബലം പ്രയോഗിച്ച് കീഴടക്കുകയും കസേരയില്‍ കെട്ടിവയ്ക്കുകയുമായിരുന്നു.
ബലപ്രയോഗത്തിനിടെ ജോര്‍ജിന്റെ വാരിയെല്ലിന് ഒടിവുണ്ടായി. ജോര്‍ജിന്റെ മരണം ഉറപ്പാക്കിയ ശേഷം കഴുത്തില്‍ കിടന്ന ഏഴു പവനോളം വരുന്ന സ്വര്‍ണമാല വലിച്ചു പൊട്ടിച്ചു. മേശവലിപ്പിലുണ്ടായിരുന്നതും കൈവശം ഉണ്ടായിരുന്നതുമായ പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്ത് പ്രതികള്‍ പുറത്തു നിര്‍ത്തിയിരുന്ന ഓട്ടോയില്‍ കയറി ബസ് സ്റ്റാന്‍ഡിലെത്തി. തൊണ്ടി മുതല്‍ ഹരീബിന് നല്‍കിയ ശേഷം ഇവര്‍ സ്ഥലം വിട്ടു. ബലപ്രയോഗത്തിനിടെ മാലയുടെ കൊളുത്തും ലോക്കറ്റും ജോര്‍ജിന്റെ മടിയില്‍ പൊട്ടിവീണു കിടന്നിരുന്നു.
കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം മാല വില്‍ക്കാന്‍ വേണ്ടി ഹരീബ്, നിയാസിനെ ഏല്‍പ്പിച്ചു. ആദ്യം കൊടുത്ത ജൂവലറിക്കാര്‍ കൊളുത്ത് പൊട്ടിയിരിക്കുന്നത് കണ്ട് സ്വീകരിച്ചില്ല. പിന്നീട് ഭാര്യയെയും മക്കളെയും കൂട്ടി മറ്റൊരു ജൂവലറിയില്‍ എത്തി മാല വിറ്റു. ഭാര്യയ്ക്ക് ചികില്‍സയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് വില്‍പന നടത്തിയത്. കടയില്‍ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും നല്‍കി. ഇവര്‍ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷത്തോളം രൂപ ഇട്ടു കൊടുത്തു. ജോര്‍ജിന്റെ കടയില്‍ നിന്ന് മോഷ്ടിച്ച പണം ഹരീബും സൂക്ഷിച്ചു. 2.33 ലക്ഷം രൂപ തൊണ്ടിമുതലായി നിയാസിന്റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തി. ജോര്‍ജിന്‍റെ പോക്കറ്റില്‍ നിന്നെടുത്ത പതിനായിരം രൂപ ഹരീബിന്റെ വീട്ടില്‍ നിന്ന് ലഭിച്ചിരുന്നു. ഹരീബിന്‍റെ ഓട്ടോ പൊലീസ് കസ്റ്റഡിയിലാണ്.
സമീപത്തെ കടകളിലെയും കടന്നു പോയ വാഹനങ്ങളുടെ ഡാഷ് ബോര്‍ഡിലെയും സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയെ കുറിച്ച് സൂചന ലഭിച്ചു. ഹരീബിനെ കസ്റ്റഡിയില്‍ എടുത്തു നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടിലുളള പ്രതികളെ കുറിച്ചും സൂചന ലഭിച്ചു. ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് തെങ്കാശി അയ്യാപുരത്തെ ഒളിസങ്കേതത്തില്‍ നിന്ന് രണ്ടു പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.