ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച്‌ കൊല്‍ക്കൊത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ രംഗ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗാനങ്ങളാണ്. വിദേശരാജ്യങ്ങളിലടക്കം നിരവധി മേളകളില്‍ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാനി സംഗീതത്തെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തെ രാജ്യം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സംഗീത-നാടക അക്കാദമി അവാര്‍ഡ്, ഗ്ലോബല്‍ ഇന്ത്യൻ മ്യൂസിക് അക്കാദമി അവാര്‍ഡ്, മഹാ സംഗീത് സമ്മാൻ പുരസ്കാരം, മിര്‍ച്ചി മ്യൂസിക് പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബദായുനില്‍ ജനിച്ച റാഷിദ് ഖാൻ മാതൃസഹോദരൻ ഉസ്താദ് നിസ്സാര്‍ ഹുസ്സൈൻ ഖാനില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 11ാം വയസ്സിലാണ് ആദ്യ സംഗീത കച്ചേരി അവതരിപ്പിച്ചത്. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ അനന്തരവൻ കൂടിയാണ്.

മരണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. റാഷിദ് ഖാന്റെ മരണം രാജ്യത്തിനും സംഗീത ശാഖക്കും വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് മമത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.