നിധി കണ്ടെത്താന്‍ വീട്ടിനുള്ളില്‍ കുഴിച്ചത് 130 അടിയുള്ള ഗര്‍ത്തം; ഒടുവില്‍ ആ കുഴിയില്‍ വീണ് 71 കാരന് ദാരുണാന്ത്യം !
നിധി കണ്ടെത്തുന്നതിനായി വീടിനുള്ളില്‍ അടുക്കളയില്‍ കുഴിച്ച ഗര്‍ത്തത്തില്‍ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്‍റാ ഡാ സില്‍വ ആണ് 130 അടി താഴ്ചയുള്ള കുഴിയില്‍ വീണ് മരിച്ചത്.
സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി ജോവോ തന്നെയാണ് വീടിന്‍റെ അടുക്കളയ്ക്കുള്ളില്‍ കുഴിയെടുത്തത്. ബ്രസീലിയൻ സംസ്ഥാനമായ മിനാസ് ഗെറൈസില്‍ സ്ഥിതി ചെയ്യുന്ന ഇപാറ്റിംഗ മുനിസിപ്പാലിറ്റിയിലെ തന്‍റെ വീടിന് താഴെ നിധിയുണ്ടെന്ന വിശ്വസത്തിലാണ് ഇയാള്‍ ഉത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി ജോവോ നിധി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വീടിനുള്ളിലെ തന്‍റെ നിധി തേടലില്‍ സഹായിക്കാനായി ഏതാനും സഹായികളെയും ഇയാള്‍ ഒപ്പം കൂട്ടിയിരുന്നു.
ഒരു വര്‍ഷത്തിലധികമായി തന്‍റെ വീടിനുള്ളില്‍ നിന്നും നിധി കണ്ടെത്തണമെന്ന അതിയായ ആഗ്രഹത്തിലായിരുന്നു ജോവോയെന്ന് ജോവോയുടെ അയല്‍വാസിയായ അര്‍ണാള്‍ഡോ ഡ സില്‍വ പറയുന്നു. ഖനന ജോലികള്‍ ചെയ്യാൻ നിരവധി ആളുകളെ ഇയാള്‍ ജോലിക്ക് നിയമിച്ചിരുന്നു. തുടക്കകാലത്ത് ഒരു ദിവസം 70 ബ്രസീലിയൻ റിയാസ് ഇയാള്‍ കൂലിയായി നല്‍കിയിരുന്നു. പിന്നീട് കുഴിയുടെ ആഴം കൂടുന്തോറും ചെലവുകള്‍ വര്‍ദ്ധിച്ചു. ഗര്‍ത്തത്തിനുള്ളില്‍ പ്രവേശിച്ച് മണ്ണ് നീക്കം ചെയ്യാൻ സഹായിച്ചവര്‍ക്ക് അദ്ദേഹം ഏകദേശം 495 ബ്രസീലിയൻ റിയാസ് വരെ കൂലിയായി നല്‍കി. ഒടുവില്‍ നീക്കം ചെയ്യാൻ പ്രയാസമുള്ള ഒരു വലിയ കല്ലില്‍ തട്ടിയതോടെ പണി നിലച്ചു. ആ കല്ല് പൊട്ടിക്കാനുള്ള ശ്രമങ്ങളായിരുന്നു ഒടുവില്‍ ഇയാള്‍ നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്വപ്നത്തില്‍ ഒരു ആത്മാവില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിച്ചതനുസരിച്ചാണ് താൻ നിധി തേടുന്നതെന്നാണ് ജോവോ അവകാശപ്പെട്ടിരുന്നത്. തന്‍റെ അടുക്കളയ്ക്ക് താഴെയുള്ള പാറയ്ക്ക് താഴെ സ്വര്‍ണ്ണത്തിന്‍റെ സാന്നിധ്യം ഉണ്ടെന്നായിരുന്നു ഇയാള്‍ വിശ്വസിച്ചിരുന്നത്. അന്വേഷണത്തിന്‍റെ അപകടങ്ങളെക്കുറിച്ച് ആശങ്കാകുലരായ അയല്‍വാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും, ജോവോ പിൻവാങ്ങിയില്ല, ഒടുവില്‍ ജനുവരി 5 ന് താൻ കുഴിച്ച കുഴിയില്‍ തന്നെ വീണ് അദ്ദേഹം ദാരുണമായി മരിച്ചു.
ഗര്‍ത്തത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയ ജോവോയുടെ ശരീരം അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്തത്. ഏകദേശം 35 ഇഞ്ച് വ്യാസമുള്ളതും 12 നിലകള്‍ക്ക് തുല്യമായ ആഴത്തിലുള്ളതുമായ ഖനനം ജോവോയും കൂട്ടാളികളും ചേര്‍ന്ന് ഇതിനകം നടത്തിയിരുന്നു. വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ജോലി കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ഗര്‍ത്തത്തിന്‍റെ മുകള്‍ഭാഗത്തുള്ള തടികൊണ്ടുള്ള പ്ലാറ്റ്‌ഫോമില്‍ നിന്ന് ജോവോ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം കൂടെയുണ്ടായിരുന്നവര്‍ക്ക് അപകടം തടയാൻ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.