കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി

മൂവാറ്റുപുഴ: കുടിവെള്ളപൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ റോഡ് നവീകരിച്ചതിനെ തുടര്‍ന്ന് കക്കടാശേരി – കാളിയാര്‍ റോഡില്‍ കുടിവെള്ള പൈപ്പ്പൊട്ടി.

67. 91കോടിരൂപ ചെലവില്‍ നവീകരണം നടക്കുന്ന റോഡ് ബി.എം. ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്തതിനു പിന്നാലെയാണ് റോഡിന്‍റെ മധ്യത്തില്‍ പൈപ്പ്പൊട്ടിയത്. മൂവാറ്റുപുഴ മണ്ഡലം അതിര്‍ത്തിയായ ഞാറക്കാട് നിന്ന് ആരംഭിച്ച നവീകരണ പ്രവര്‍ത്തനം മൂവാറ്റുപുഴ കക്കടാശേരിയിലാണ് അവസാനിക്കുന്നത്. 2022ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. നിലവില്‍ ടാറിങ്ങ് കഴിഞ്ഞ കാലാമ്ബൂര്‍ ഭാഗത്താണ് പൈപ്പു പൊട്ടിയത്. കാലമ്ബൂര്‍ പെട്രോള്‍ പമ്ബിന് സമീപവും വില്ലേജ് ഓഫിസിനു സമീപവുമാണ് പൈപ്പ് പൊട്ടിയത്.

നവീകരണത്തിന്‍റെ ഭാഗമായി ശുദ്ധജല വിതരണ പൈപ്പുകള്‍ നീക്കം ചെയ്യാതെ ടാറിങ് നടത്തിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഈ ഭാഗത്ത് റോഡിനു വീതി കൂട്ടിയപ്പോള്‍ ജലവിതരണ കുഴലുകള്‍ റോഡിന് മധ്യത്തിലാകുകയായിരുന്നു. പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് നേരത്തെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടിരുന്നെങ്കിലും ഇവ മാറ്റാതെ ടാര്‍ചെയ്യുകയായിരുന്നു. റോഡരികിലുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ വില്ലേജ് ഓഫിസിനു മുന്നില്‍ അടക്കം ഏറ്റെടുത്ത ഭൂമി ഉപയോഗിച്ച്‌ റോഡ് വീതി കൂട്ടാതെ ടാര്‍ ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചു.

ജല അതോറിറ്റി ഉദ്യോഗസ്‌ഥര്‍ പൈപ്പ് മാറ്റി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയാറാകാതെ ടാറിങ് നടത്തുകയായിരുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മുൻ സര്‍ക്കാരിന്‍റെ കാലത്താണ് റീബില്‍ഡ് പദ്ധതിയില്‍പെടുത്തി റോഡ് നിര്‍മാണത്തിന് തുക അനുവദിച്ചത്.