മെഡിസെപ്: അടിയന്തര ചികിത്സക്കും പുതിയ ഉപാധി
തിരുവനന്തപുരം: വാഹനാപകടം അടക്കമുള്ള അടിയന്തര ഘട്ടങ്ങളില്‍ മെഡിസെപ്പില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷക്കും പുതിയ ഉപാധി വെച്ച് സര്‍ക്കാര്‍.
വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളില്‍ ചികിത്സ തേടിയാലും ഇൻഷുറൻസ് ലഭിക്കുന്നുണ്ട്. റീഇംബേഴ്സ്മെന്റായാണ് തുക അനുവദിക്കുക.
ഇനി റീഇംബേഴ്സ്മെന്റ് അപേക്ഷക്ക് മുമ്ബ് അപേക്ഷകന്റെ മെഡിസെപ് ഐഡി, ചികിത്സ വിവരം, ആശുപത്രിയുടെ പേര് എന്നിവ സൂചിപ്പിച്ച് ഓറിയന്റല്‍ ഇൻഷുറൻസ് കമ്ബനിക്ക് ഇ-മെയില്‍ അയക്കണം. റീഇംബേഴ്സ്‌മെന്‍റ് ലഭിക്കാൻ അര്‍ഹതയുണ്ടോയെന്ന് കമ്ബനി അറിയിച്ച ശേഷമേ അപേക്ഷിക്കാൻ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്.എംപാനല്‍ ചെയ്യാത്ത ആശുപത്രികളില്‍ ചെയ്യുന്ന എല്ലാ ചികിത്സക്കും റീഇംബേഴ്സ്മെന്റിന് അപേക്ഷ ലഭിക്കുന്നെന്നതാണ് നിബന്ധനക്ക് കാരണമായി പറയുന്നത്. അപകടം എന്നത് വാഹനാപകടം എന്നത് മാത്രമായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പാമ്ബുകടി, തീപ്പൊള്ളല്‍, വീഴ്ചമൂലമുള്ള അംഗഭംഗം എന്നിവയ്ക്ക് പരിരക്ഷ ലഭിക്കുന്നില്ല.
മെഡിസെപില്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കുന്നതിടെയാണ് പുതിയ ഉപാധികള്‍. കാഷ്ലെസ് ഏറക്കുറെ അട്ടിമറിക്കപ്പെട്ടനിലയിലാണ്. ശസ്ത്രക്രിയക്കു പ്രവേശിപ്പിച്ചയാള്‍ക്ക് ഹൃദയാഘാതമുണ്ടായി അതേ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയാല്‍ ശസ്ത്രക്രിയക്ക് മാത്രമേ പരിരക്ഷ ലഭിക്കൂ. ഹൃദയാഘാത ചികിത്സാ ചെലവ് രോഗി വഹിക്കണം. നേരത്തേ ഇത്തരം രോഗികള്‍ക്കു തുക പൂര്‍ണമായി അനുവദിച്ചിരുന്നു.