കാലംതെറ്റി മഴ; പാടങ്ങളില്‍നിന്ന് നെല്ലും പുല്ലും മാറ്റാനാവാതെ കര്‍ഷകര്‍
പുല്‍പള്ളി: കാലം തെറ്റി എത്തിയ മഴ പുല്‍പള്ളി മേഖലയിലും നെല്‍കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ച്ചയായ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൊയ്ത്ത് കഴിഞ്ഞവര്‍ക്കും കൊയ്യാനുള്ളവര്‍ക്കുമെല്ലാം ദുരിതമായി.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉച്ചക്ക് ശേഷം മിക്ക ദിവസവും മഴപെയുന്നത് കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ പലയിടത്തും നെല്ലും പുല്ലും അതേപടി കിടക്കുകയാണ്. ഹെക്ടര്‍ കണക്കിന് പാടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. ചിലര്‍ നെല്ല് ശേഖരിച്ചുവെങ്കിലും വയ്ക്കോല്‍ ഉണങ്ങാതെ എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നിരവധി പാടങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞെങ്കിലും നെല്ല് മാറ്റാനായിട്ടില്ല. വയ്ക്കോല്‍ അതേപടി വെള്ളത്തില്‍ കിടക്കുന്നു.
വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഇവ ചീഞ്ഞ് നശിക്കും. ശക്തമായ വെയില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. കൊയ്യാനുള്ള കര്‍ഷകര്‍ക്ക് കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. വൻമുതല്‍ മുടക്കിലാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വയ്ക്കോലില്‍ നിന്നുള്ള വരുമാനം കൂടി ഉണ്ടെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാൻ കഴിയുകയുള്ളു.
നഷ്ടപരിഹാരം നല്‍കാൻ അടിയന്തര നടപടിവേണം -കോണ്‍ഗ്രസ്
കല്‍പറ്റ: ക്രമം തെറ്റിയ കാലാവസ്ഥ മൂലം ദിവസങ്ങളായി വയനാട്ടില്‍ പെയ്തുവരുന്ന മഴ നെല്‍കര്‍ഷകരുടെയും കാപ്പി കര്‍ഷകരുടെയും നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് ഡി.സി.സി യോഗം അഭിപ്രായപ്പെട്ടു. വിളവെടുപ്പിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ പെയ്ത മഴ മൂലം കനത്ത വിളനാശമാണുണ്ടായത്. കടക്കെണിയില്‍പ്പെട്ടുഴലുന്ന കര്‍ഷകന്‍റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. ഈ സാഹചര്യത്തില്‍ വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുവാൻ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കടക്കെണിയില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ കടബാധ്യതകളുടെ മുഴുവൻ പലിശയും എഴുതിത്തള്ളാനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും കൊന്ന് തിന്ന സാഹചര്യങ്ങളുണ്ടായപ്പോള്‍ അവിടം സന്ദര്‍ശിക്കാതെ ഗവര്‍ണറുടെ വിരുന്നിന് പോയ വനംവകുപ്പ് മന്ത്രിക്ക് മന:സാക്ഷി മരവിച്ചുപോയെന്ന് യോഗം വിലയിരുത്തി. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് യോഗം ഉദ്‌ഘാടനം ചെയ്തു. പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, കെ.ഇ. വിനയൻ, അഡ്വ. എൻ.കെ. വര്‍ഗീസ്, കെ.വി. പോക്കര്‍ ഹാജി, അഡ്വ. ടി.ജെ. ഐസക്ക്, മംഗലശ്ശേരി മാധവൻ, വി.എ. മജീദ് എന്നിവര്‍ സംസാരിച്ചു.
കാപ്പിക്കും ശനി ദിശ.
വടുവഞ്ചാല്‍: പറിച്ചെടുത്ത കാപ്പിയും മഴ കാരണം ഉണക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. പല തോട്ടങ്ങളിലും പഴുത്ത കാപ്പിക്കുരു മഴയത്ത് ഉതിര്‍ന്നു പോയത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. പറിച്ച കാപ്പിയാകട്ടെ നല്ല വെയിലുണ്ടെങ്കില്‍മാത്രമേ ഉണക്കാൻ കഴിയൂ. രണ്ടും മൂന്നും ദിവസം നല്ല വെയിലില്‍ ഉണക്കിയാല്‍ മാത്രമേ വില്‍ക്കാൻ കഴിയുകയുള്ളു. പറിച്ച കാപ്പി ഉണക്കാതെ കൂട്ടിയിട്ടാല്‍ കേടായി പോകുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നിരവധി കര്‍ഷകരുടെ കാപ്പി നശിച്ചു. കളത്തില്‍ ഉണക്കാനിട്ട കാപ്പി വെള്ളം കയറിയാണ് നശിച്ചത്.