പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹപാഠി ജീവനൊടുക്കി

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ സഹപാഠി ജീവനൊടുക്കി.
ഹൈദരാബാദിലെ അമ്ബാർപ്പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പ്രതി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പതിനേഴുകാരനും പെണ്‍കുട്ടിയും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ അടുക്കളയില്‍ നിന്നും കത്തിയെടുത്ത പ്രതി കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിനിടെ പ്രതിയെ തടുക്കാനെത്തിയ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.രുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതിക്കെതിരെ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. യുവാവിന്റെ മൊബൈല്‍ ട്രേസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഇയാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാളത്തില്‍ നിന്നും ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.