പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട്


കോഴിക്കോട് : പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്കോഴിക്കോട് : ബജറ്റ് വിഹിതം ഉണ്ടായിട്ടും പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്.

പട്ടിക ജാതി വിദ്യാർഥികള്‍ക്കുള്ള പഠനമുറി പദ്ധതി നടപ്പാക്കുന്നതിലും വീഴ്ച സംഭവിച്ചു. 2020-21ല്‍ 86 അപേക്ഷകള്‍ ലഭിച്ചതില്‍നിന്ന് 11 പേരെ തിരഞ്ഞെടുത്ത് അവർക്ക് 20.73 ലക്ഷം രൂപ സഹായം നല്‍കി. 2021-22ല്‍ 66 അപേക്ഷകരുണ്ടായിട്ടും മൂന്ന് പേർക്ക് മാത്രമാണ് 5,31,316 രൂപ സഹായമായി നല്‍കിയത്.

2022-23 ല്‍ 66 അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍, 15 പേർക്ക് 13,50,000 രൂപയാണ് നല്‍കിയത്. സാമ്ബത്തികമായും സാമൂഹികമായും വളരെ പിന്നാക്കം നില്‍ക്കുന്ന ജാതിയില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്ന തിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പഠനമുറി നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ഓരോ വർഷവും ഈ ഇനത്തില്‍ ധാരാളം അപേക്ഷകള്‍ ഉണ്ടായിട്ടും അവരുടെ ആവശ്യം തിറവേറ്റപ്പെടുന്നതിനു തുക ഉള്‍ക്കൊള്ളിച്ചു പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നഗരസഭക്ക് വീഴ്ച സംഭവിച്ചു.

ഇതുമൂലം പല വിദ്യാർഥികള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുമായിരുന്ന ഈ ആനുകൂല്യം നഷ്ടപ്പെട്ടു. നഗരസഭയിലുള്ള പട്ടികജാതി വിഭാഗക്കാരുടെ യഥാർഥ വിവരം നഗരസഭ സൂക്ഷിക്കുകയും ആ വിവരം സർക്കാറിൻ്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അതിനനുസരിച്ച്‌ ബജറ്റ് വിഹിതം ആവശ്യപ്പെടുകയും ചെയയ്തിരുന്നുവെങ്കില്‍ അപേക്ഷിച്ച, അർഹതയുള്ള എല്ലാവർക്കും പഠനമുറി നല്‍കാൻ സാധിക്കുമായിരുന്നു എന്ന് ഓഡിറ്റ് വിലയിരുത്തി.

മെറിറ്റോറിയസ് സ്കോളർഷിപ്പിനു 2020-21ല്‍34, , 2022-23 ല്‍ 102 എന്നിങ്ങനെ ആകെ 156 അപേക്ഷകള്‍ ലഭിച്ചതില്‍ 29 പേർക്കും 88 മാത്രമാണ് ആനുകൂല്യം നല്‌കാൻ സാധിച്ചത്. 2021-22 വർഷത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല.

നഗരസഭ നല്‍കിയ വിവരമനുസരിച്ച്‌ പട്ടിക ജാതി കോളനികളിലുള്ള കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീടില്ലാത്ത 53 കുടുംബങ്ങള്‍ ഉണ്ട്. കോളനികളിലല്ലാതെ ഏഴ് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടുമില്ലാതെ ജീവിക്കുന്നു. സ്വന്തമായി ഭൂമിയുണ്ടായിട്ടും വിടില്ലാത്ത കുടുംബങ്ങള്‍ എട്ടാണെന്നും കണക്കുണ്ട്.

എല്ലാ വീടുകളിലും വൈദ്യുതിയും ശൗചാലയവും കൂടിവെള്ള സൗകര്യവുമുണ്ടെന്ന വിവരം നല്‍കിയത്. എന്നാല്‍ കോളനികളിലുള്ള 401 വീടുകളില്‍ 237 വീടുകള്‍ക്ക് മാത്രമേ കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാകുന്നുള്ളൂ. നഗരസഭയില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്‌ ആകെ 21 പട്ടികജാതി കോളനികളും 401 വീടുകളും 1767 ആള്‍ക്കാരും ഉണ്ട്. കോളനിയിലല്ലാതെ താമസിക്കുന്ന ആളുകളെയും ചേർത്ത് മൊത്തം 2815 പേർ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നിർവിഹിക്കുന്നതില്‍ നഗരസഭക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.