പൊതുജനാരോഗ്യ നിയമം; വിലക്കില്‍ ആശങ്കയൊഴിയാതെ ആയുഷ് വിഭാഗങ്ങള്‍

തിരുവനന്തപുരം: ഗവർണർ ഒപ്പിട്ടതോടെ പൊതുജനാരോഗ്യ ബില്‍ നിയമമായെങ്കിലും സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ ചികിത്സാക്കാര്യത്തില്‍ ആശങ്ക വിട്ടൊഴിയാതെ ആയുഷ് വിഭാഗങ്ങള്‍.

ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ എന്നിവയുള്‍ക്കൊള്ളുന്ന ആയുഷ് വിഭാഗത്തെ ഒഴിവാക്കിയതോടെ 34 ഓളം പകർച്ചവ്യാധികളുടെയും 20 ഓളം പകർച്ചവ്യാധി ഇതര രോഗങ്ങളുടെയും ചികിത്സക്കായി രോഗിക്ക് ഇഷ്ടാനുസരണമുള്ള ചികിത്സ രീതി തെരഞ്ഞെടുക്കാനാകില്ല. പൊതുജനാരോഗ്യ നിയമത്തിലെ അധ്യായം ഏഴിലും 11 ലുമാണ് ഇക്കാര്യങ്ങള്‍ അടിവരയിടുന്നത്. മുമ്ബ് ദേശീയ ആരോഗ്യ നയത്തിന്‍റെ ഭാഗമായി ഏതാനും സാംക്രമിക രോഗങ്ങള്‍ ‘വിജ്ഞാനപ്പെടുത്തേണ്ട രോഗങ്ങളില്‍’ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പൊതുജനാരോഗ്യ നിയമത്തില്‍ സാധാരണയായി കാണുന്ന പകർച്ചപ്പനി വരെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ പട്ടികയിലെ രോഗങ്ങള്‍ക്കു പുറമെ, സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഏത് രോഗാവസ്ഥയെയും നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാനും ചികിത്സ പ്രോട്ടോകോളുകള്‍ പുറപ്പെടുവിക്കാനും അലോപ്പതി വിഭാഗത്തില്‍ നിന്നുള്ള പബ്ലിക് ഹെല്‍ത്ത് ഓഫിസർക്ക് അധികാരമുണ്ട്. പട്ടികയിലുള്‍പ്പെട്ട രോഗം പ്രാദേശികമായി സ്ഥിരീകരിച്ചാല്‍ വ്യാപനം തടയാനും ചികിത്സ നിശ്ചയിക്കാനുമുള്ള അധികാരവും പബ്ലിക് ഹെല്‍ത്ത് ഓഫിസർക്കാണ്.

കരട് ബില്‍ അവതരിപ്പിച്ച വേളയില്‍ ആയുഷ് വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കണ്ണില്‍ പൊടിയിടും വിധം ഏതാനും ഭാഗങ്ങളില്‍ ഭേദഗതി വരുത്തിയതൊഴിച്ചാല്‍ കാതലായ ആശങ്കകള്‍ അതേപടി അവശേഷിക്കുകയാണ്. ചികിത്സിക്കുന്ന ഡോക്ടർക്ക് മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം നല്‍കിയതാണ് ഇതിലൊന്ന്. പ്രധാന സാംക്രമിക-സാംക്രമികേതര രോഗങ്ങള്‍ക്കെല്ലാം അലോപ്പതി വിഭാഗം ചികിത്സ പ്രോട്ടോക്കോളുകള്‍ നിശ്ചയിക്കുന്നതോടെ, ആയുഷ് വിഭാഗങ്ങള്‍ അപ്രസക്തമാകുകയും ഇവയുടെയെല്ലാം ചികിത്സ മോഡേണ്‍ മെഡിസിനിലേക്ക് നീങ്ങുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കല്‍ വ്യവസ്ഥക്ക് എന്ത് പ്രസക്തി എന്നാണ് ആയുഷ് ഡോക്ടർമാർ ചോദിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഓഫിസർ നിർദേശിക്കുന്ന ചികിത്സ മാത്രമേ പട്ടികയിലുള്‍പ്പെട്ട അസുഖങ്ങള്‍ക്ക് നല്‍കാൻ സാധിക്കൂവെന്നതും അതിന് വിപരീതമായി പ്രവർത്തിച്ചാല്‍ വലിയ പിഴശിക്ഷക്ക് രോഗിയും ചികിത്സിച്ച ഡോക്ടറും അർഹരാകുമെന്നതും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം അസുഖങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടൻ പബ്ലിക് ഹെല്‍ത്ത് ഓഫിസറെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം ഭീമമായ പിഴശിക്ഷക്ക് വിധേയരാകുമെന്ന മുന്നറിയിപ്പും നിയമത്തിലുണ്ട്. നിയമം പാസായെങ്കിലും ചട്ടങ്ങള്‍ കൂടി രൂപവത്കരിക്കുമ്ബോഴാണ് വ്യവസ്ഥകളുടെ ആഘാതം കൂടുതല്‍ വ്യക്തമാകുക.